പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഓസ്‌ട്രേലിയന്‍ താരം ആഷ്‌ലി ബാര്‍ട്ടിയ്ക്ക്. 46 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഓസ്‌ട്രേലിയന്‍ താരം ഫ്രഞ്ച് ഓപ്പണ്‍ നേടുന്നത്. ചെക്ക് റിപ്പബ്ലിക് താരം വോണ്‍ഡ്രൗസോയെയാണ് ആഷ്‌ലി പരാജയെപ്പെടുത്തിയത്. സ്‌കോര്‍ 6-1,6-3.

23 കാരിയായ ആഷ്‌ലിയുടെ ആദ്യ ഗ്രാന്റ് സ്ലാം കിരീടമാണിത്. 1973ലാണ് അവസാനമായി ഒരു ഓസീസ് താരം കളിമണ്‍ കോര്‍ട്ടില്‍ കിരീടം ഉയര്‍ത്തിയത്. മാര്‍ഗരറ്റ് കോര്‍ട്ടായിരുന്നു അന്ന് ഫ്രഞ്ച് ഓപ്പണ്‍ നേടിയത്. 19 കാരിയായ ചെക് താരത്തിന്റെ ആദ്യത്തെ മേജര്‍ ഫൈനലായിരുന്നു ഇത്.

ഇടയ്ക്ക് ടെന്നീസിനോട് വിട പറഞ്ഞ് ക്രിക്കറ്റ് കളിക്കാന്‍ പോയ താരം കൂടിയാണ് ബാര്‍ട്ടി. 2014 ല്‍ ടെന്നീസില്‍ നിന്നും ഇടവേളയെടുത്ത താരം വനിത ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബണ്‍ ഹീറ്റിന്റെ താരമായിരുന്നു. 2016 ല്‍ ടെന്നീസിലേക്ക് മടങ്ങിയെത്തി.

അതേസമയം, പുരുഷന്മാരുടെ സെമിഫൈനലില്‍ ഡൊമിനിക് തീം ഫൈനലിലെത്തി. നൊവാക് ദ്യോക്കോവിച്ചിനെ പുറത്താക്കിയാണ് തീം ഫൈനലിലെത്തിയത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നദാര്‍-തീം ഫൈനലിന് കളമൊരുകിയിരിക്കുകയാണ്. കഴിഞ്ഞ തവണ നദാലായിരുന്നു കിരീടം ഉയര്‍ത്തിയത്. കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാലിനെ ഇത്തവണയെങ്കിലും തീമിന് ജയിക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook