ന്യൂഡല്‍ഹി: രോഹിത് ശര്‍മ ഇന്ത്യന്‍ നായകന്റെ കുപ്പായം അണിയാന്‍ യോഗ്യനാണെന്ന കാര്യത്തില്‍ ഇതിഹാസ താരം സുനില്‍ ഗവാസ്കറിന് തര്‍ക്കമൊന്നുമില്ല. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരിടാന്‍ സാധ്യതയുള്ള വെല്ലുവിളികളെ പറ്റി ഓര്‍മിപ്പിക്കുകയാണ് ഗവാസ്കര്‍. വരാനിരിക്കുന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ രോഹിതിനെ നായകനായി ബിസിസിഐ ഔദ്യോഗികമായി നിയമിച്ചു കഴിഞ്ഞു. വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ എന്നിങ്ങനെ ഒരുപിടി മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമവും നല്കി.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ ഉപനായകനായി പ്രവര്‍ത്തിച്ച രോഹിത് തന്നെയായിരിക്കും അടുത്ത നായകനെന്ന് ആര്‍ക്കും സംശയമില്ലായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ രോഹിതിന്റെ പക്കല്‍ നായകനെന്ന നിലയില്‍ ആരെയും മോഹിപ്പിക്കുന്ന റെക്കോര്‍ഡുകളുമുണ്ട്. അഞ്ച് തവണ ഐപിഎല്‍ കിരീടം, നിധാസ് ട്രോഫി, ഏഷ്യ കപ്പ് എന്നിങ്ങനെ നീളുന്നു രോഹിതിന്റെ നേട്ടങ്ങള്‍.
“രോഹിത് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട് എന്നത് എനിക്കറിയാം. പക്ഷെ അന്താരാഷ്ട്ര തലത്തില്‍ ടീമിനെ നയിക്കുക എന്നത് വ്യത്യസ്തമായ ഒന്നാണ്. ഒരു നല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ മികച്ച അന്താരാഷ്ട്ര കളിക്കാരന് ആവണം എന്നില്ല. ഇത് നായകന്മാര്ക്കും ബാധകമായ ഒന്നാണ്. ഫ്രാഞ്ചൈസികള്‍ക്കായി എത്ര കിരീടങ്ങള്‍ നേടിയാലും അന്താരാഷ്ട്ര തലത്തില്‍ വിജയം കൈവരിക്കണമെന്നില്ല,” ഇന്ത്യ ടുഡെയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഗവാസ്കര്‍ വ്യക്തമാക്കി.
നിലവില്‍ ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ട കെ.എല്‍. രാഹുല്‍ ഭാവിയില്‍ ഇന്ത്യയെ നയിച്ചേക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു. “ഭാവി നായകനായാണ് രാഹുലിനെ സെലക്ടര്‍മാര്‍ കണ്ടിരിക്കുന്നത്. ഐപിഎല്ലില്‍ രാഹുല്‍ പഞ്ചാബിനെ നയിക്കുന്നു. ഇതിനെല്ലാം ഉപരിയായി രാഹുല്‍ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യക്കായി കളിക്കുന്നുണ്ട്. ഇതായിരിക്കാം ഉപനായകനെന്ന നിലയില്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള പ്രധാന കാരണം,” ഗവാസ്കര്‍ ചൂണ്ടിക്കാണിച്ചു.