കാര്യവട്ടം: ഇംഗ്ലണ്ട് ലയൺസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് 222 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ലയൺസ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. ഒല്ലി പോപ് (65), സ്റ്റീവൻ മുല്ലാന (58) എന്നിവർ അർധ സെഞ്ചുറി നേടി. ഇവർ ഒഴികെ മറ്റാർക്കും ഇംഗ്ലണ്ട് നിരയിൽ തിളങ്ങാനായില്ല.
ഓപ്പണർമാരായ അലക്സ് ഡേവിസും വിൽ ജാക്സും ക്രീസിൽ നിലയുറപ്പിക്കും മുൻപേ പുറത്തായി. അലക്സ് 15 റൺസും വിൽ 11 റൺസുമെടുത്താണ് കളം വിട്ടത്. ഇരുവരെയും ഷാർദുൽ ഠാക്കൂർ ആണ് പുറത്താക്കിയത്. പിന്നാലെ എത്തിയ സാം ഹെയിൻ 13 റൺസെടുത്ത് പുറത്തായി. ബെൻ ഡക്കറ്റ് 3 റൺസെടുത്ത് നിൽക്കെ അവേഷ് ഖാന്റെ ബോളിൽ വിക്കറ്റ് വീണു. ക്യാപ്റ്റൻ സാം ബില്ലിങ്സ് 24 റൺസെടുത്തു.
ഒല്ലി പോപ്പും സ്റ്റീവൻ മുല്ലാനേയും ചേർന്നാണ് പിന്നീട് ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചത്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ സ്കോർ 200 കടക്കാൻ സഹായിച്ചത്. ഇരുവരും അർധ സെഞ്ചുറി നേടി. ഒല്ലിയുടെ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ടിന്റെ സ്കോർനില പതിയെയായി. പിന്നീട് വന്ന ആർക്കും തന്നെ ഇംഗ്ലണ്ട് നിരയിൽ കാര്യമായി സംഭാവന നൽകാൻ കഴിഞ്ഞില്ല. ജാമി ഓവർടൺ മാത്രമാണ് 13 റൺസെടുത്തത്. ലൂവിസ് ഒരു റൺസെടുത്ത് മടങ്ങി.
ശാർദുൽ ഠാക്കൂറിന്റെ ബോളിങ് മികവിലാണ് ഇംഗ്ലണ്ട് നിര തകർന്നത്. ശാർദുൽ 49 റൺസ് വഴങ്ങി 4 വിക്കറ്റാണ് വീഴ്ത്തിയത്. അവേഷ് ഖാൻ ഒരു വിക്കറ്റും ചാഹർ രണ്ടു വിക്കറ്റും നേടി. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ മൂന്നും ജയിച്ച് ഇന്ത്യ എ ആണ് മുന്നിൽ.