മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകൻ രവി ശാസ്ത്രിയ്ക്ക് ബിസിസിഐ പ്രതിവർഷം ഏഴു കോടി രൂപ പ്രതിഫലമായി നൽകുമെന്ന് റിപ്പോർട്ട്. ബിസിസിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്തുവിട്ടത്.

രണ്ടു മാസം മുമ്പ് ബിസിസിഐയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെ പ്രതിഫലമായി ആവശ്യപ്പെട്ടത് ഏഴു കോടി രൂപയായിരുന്നു. എന്നാല്‍ കുംബ്ലെയുടെ ആവശ്യം ബിസിസിഐ നിരാകരിക്കുകയാണ് ചെയ്തത്. കുംബ്ലെയ്ക്ക് നൽകാൻ തയ്യാറാകാത്ത പ്രതിഫലം ശാസ്ത്രിക്ക് ബിസിസിഐ നൽകി എന്നാണ് വർത്ത സൂചിപ്പിക്കുന്നത്.

നേരത്തെ​​ ടീം ഡയറക്ടറായിരുന്നപ്പോൾ ബിസിസിഐ ഏഴ്​ കോടിയോളം രൂപ രവി ശാസ്​ത്രിക്ക്​ പ്രതിഫലമായി നൽകിയിരുന്നു. ശാസ്ത്രിക്കൊപ്പം സഹ പരിശീലകരായി ചേരുന്നവര്‍ക്ക് രണ്ടു കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം. ഇന്ത്യ എ, അണ്ടര്‍ 19 ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡിന് ആദ്യ വര്‍ഷം 4.5 കോടി രൂപയും രണ്ടാം വര്‍ഷം അഞ്ച് കോടി രൂപയുമാണ് പ്രതിഫലം.

അതേസമയം, ബോളിങ് പരിശീലകനായി പരിഗണിക്കുന്ന സഹീര്‍ ഖാന്‍റെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ