ചൈനയെ അവരുടെ മണ്ണിൽ ചരിത്രത്തിലാദ്യമായി നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഇതുവരെ ഒരൊറ്റ തവണ പോലും ഇന്ത്യക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇക്കുറി വിജയത്തിൽ കുറഞ്ഞതൊന്നും നീലപ്പടയുടെ കണ്ണിലും കാലിലും ഇല്ല.
ചരിത്ര മത്സരത്തിന് ഇന്ത്യൻ ടീം ബൂട്ടണിയുമ്പോൾ മലയാളികൾക്കാണ് അഭിമാനിക്കാൻ ഏറെയുളളത്. കേരളക്കരയുടെ അഭിമാനതാരങ്ങളാണ് ചൈനയ്ക്ക് എതിരെ ഇന്ത്യയുടെ പ്രധാന ആയുധങ്ങൾ. ഷുസോ സ്റ്റേഡിയത്തിൽ 15 ഡിഗ്രി ചൂടിൽ, മലയാളി താരം അനസ് എടത്തൊടികയും ബ്ലാസ്റ്റേഴ്‍സിന്റെ പ്രിയ ക്യാപ്റ്റൻ സന്ദേശ് ജിങ്കനും പ്രതിരോധക്കോട്ട കാക്കാനിറങ്ങും. മുന്നേറ്റത്തിൽ ഛേത്രിക്ക് കരുത്ത് പകരുന്നത് മുംബൈയ്ക്ക് എതിരെ ഗോളടിച്ച ബ്ലാസ്റ്റേർസിന്റെ സ്ട്രൈക്കർ ഹാലിചരൻ നർസാരിയാണ്. മലയാളിയും യുവതാരവുമായ ആഷിഖ് കുരുണിയനുമാണ്ം ടീമിലുണ്ട്.
ബ്ലാസ്റ്റേഴ്‍സ് താരങ്ങളായ സന്ദേശ് ജിങ്കനും അനസ് എടത്തൊടികയുമാണ് ടീമിന്റെ ഉറച്ച പ്രതിരോധം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഗോൾമുഖം കാത്ത് ബോക്സിന് പുറത്ത് ഇരുവരും കോട്ടകെട്ടുന്നു. സെന്റർ ബാക്കുകളാണെങ്കിലും മൈതാനത്തിന്റെ ഏത് വിങിലും പറന്ന് ചെന്ന് പന്ത് റാഞ്ചാൻ മിടുക്കരാണ് ഈ സഖ്യം. ഗോൾപോസ്റ്റിന് മുന്നിൽ കീപ്പർ ഗുർപ്രീത് സിങിന്റെ വിശ്വസ്ഥരാണ് ഇരുവരും, ഗുർപ്രീതിന്റെ മാത്രമല്ല ഇന്ത്യയുടെയും.
ചൈനയെ പ്രതിരോധിച്ച് കീഴ്‍പ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുകയെന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രി വ്യക്തമാക്കി കഴിഞ്ഞു. കരുത്തുള്ള പ്രതിരോധ നിരയാണ് ടീമിന്റെ നട്ടെല്ല് അത്കൊണ്ട് തന്നെ പ്രതിരോധത്തിൽ ഊന്നിയ കളിയാകും ടീം പുറത്തെടുക്കുകയെന്നാണ് ഛേത്രി പറഞ്ഞത്. അങ്ങനെയെങ്കിൽ മത്സരത്തിന്റെ ഉത്തരവാദിത്വം പൂർണ്ണമായും ജിങ്കൻ – അനസ് സഖ്യത്തിനാകും.
കേരള ബ്ലാസ്റ്റേഴ്‍സിന്റെ മുന്നേറ്റ താരം ഹാലിചരൻ നർസാരിയാണ് ചൈനക്കെതിരായ മത്സരത്തിലെ മറ്റൊരു സാനിധ്യം. ഇടതു വിങിന്റെ ചുമതലയാകും കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ നർസാരിയെ ഏൽപ്പിക്കുക. യുവതാരം ആഷിഖ് കുരുണിയൻ അന്തിമ ഇലവനിൽ ഇടം പിടിക്കുമെന്നുറപ്പില്ലെങ്കിലും പകരക്കാരനായി മൈതാനത്ത് പ്രതീക്ഷിക്കാം.