സമകാലിന ക്രിക്കറ്റിൽ ബാറ്റ്സ്മാൻ എന്ന നിലയിലും നായകൻ എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ രണ്ട് താരങ്ങളാണ് ഇന്ത്യയുടെ വിരാട് കോഹ്‌ലിയും ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണും. അണ്ടർ 19 ലോകകപ്പ് മുതൽ രാജ്യാന്തര വേദികളിൽ സജീവമാണ് ഇരുവരും, ഒരേ കാലഘട്ടത്തിൽ. വിരാട് കോഹ്‌ലിക്കൊപ്പം കളിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നാണ് കെയ്ൻ വില്യംസൺ പറയുന്നത്. ചെറിയ പ്രായംതൊട്ടെ കോഹ്‌ലിയുടെ യാത്ര വീക്ഷിക്കുന്ന ഒരാളാണ് താനെന്നും വില്യംസൺ പറഞ്ഞു.
“വിരാട് കോഹ്‌ലിക്കൊപ്പം കളിക്കാൻ സാധിച്ചത് ശരിക്കും ഭാഗ്യമാണ്. ചെറുപ്പത്തിൽ തന്നെ വിരാട് കോഹ്‌ലിയെ കാണാൻ സാധിച്ചതും അദ്ദേഹത്തിന്റെ കരിയറിന്റെ വാളർച്ചയും യാത്രയും പിന്തുടരാൻ പറ്റിയതും വലിയ കാര്യമായി കാണുന്നു,” വില്യംസൺ പറഞ്ഞു.
2008ൽ മലേഷ്യയിൽ നടന്ന അണ്ടർ 19 ലോകകപ്പിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് കോഹ്‌ലി ഇന്ത്യൻ ടീം നായകനും വില്യംസൺ കിവീസ് നായകനുമായിരുന്നു. ടൂർണമെന്റിന്റെ സെമിയിൽ ന്യൂസിലൻഡിനെ തകർത്ത് മുന്നേറിയ ഇന്ത്യ കലാശപോരാട്ടവും ജയിച്ച് കിരീടം ഉയർത്തിയിരുന്നു. പിന്നീട് കാലങ്ങൾക്കിപ്പുറം ഇരുവരും ദേശീയ സീനിയർ ടീമിന്റെയും നായകന്മാരായി.
2019ൽ ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പിൽ വീണ്ടും കോഹ്‌ലിയും വില്യംസണും നായകന്മാരായി നേർക്കുനേരെത്തി. അതും സെമിയിൽ തന്നെ. എന്നാൽ ഇത്തവണ ജയം കിവികൾക്കൊപ്പമായിരുന്നു. അതേസമയം ഫൈനലിൽ ഇംഗ്ലണ്ടിനോട് പൊരുതി തോൽക്കേണ്ടി വന്നു ന്യൂസിലൻഡിന്.
പരസ്പരം ഇങ്ങനെ ദീർഘകാലം മത്സരിക്കുകയെന്നത് രസകരമായി തോന്നുന്നു. വാസ്തവത്തിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി തങ്ങൾ ഗെയിമിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകൾ, ചില സത്യസന്ധമായ ചിന്തകൾ പങ്കുവെക്കുകയും ചില പൊതുവായ കാരണങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, കളി വ്യത്യസ്തമായി കളിക്കുന്നവരാണ് തങ്ങളെന്നും വില്യംസൺ കൂട്ടിച്ചേർത്തു.