മാഡ്രിഡ്: കായിക താരങ്ങളെ ദൈവത്തപ്പോലെ ആരാധിക്കുന്ന വ്യക്തികളെ ലോകമെമ്പാടും നമുക്ക് കാണാനാകും. മതമോ, ജാതിയോ, പ്രായമോ, നിറമോ നോക്കിയിട്ടല്ല കായിക താരങ്ങളെ ആരാധകർ ഇഷ്ടപ്പെടുന്നത്. ഇന്നലെ ഫോർമുല വണിന്റെ സ്പാനിഷ് ഗ്രാൻപ്രിയിൽ ഇതുപോലൊരു ആരാധകനെ ക്യാമറക്കണ്ണുകൾ കണ്ടെത്തി. ബാഴ്സിലോണക്കാരനായ തോമസ് ആണ് ആ ആരാധകൻ . 7 വയസ്സ് മാത്രം പ്രായമുള്ള തോമസിന്റെ ഇഷ്ട ഡ്രൈവർ ഫെറാരിയുടെ കിമി റൈക്കോണനാണ്. കിമി റൈക്കോണനെ കാണാനാണ് തോമസ് ഫോർമുല വണ്ണിന്റെ കാറ്റലോണിയ സർക്യൂട്ടിൽ എത്തിയത്.

പക്ഷെ കിമി റെക്കോണൻ കപ്പ് നേടുന്നത് കാണാൻ എത്തിയ തോമസിന് ആ കാഴ്ച കാണാൻ സാധിച്ചില്ല. ആദ്യ ലാപ്പിൽതന്നെ കിമി റെക്കോണന്റെ കാറ് അപകടത്തിൽപ്പെട്ടു. റെഡ്ബുൾ ഡ്രൈവർ മാർക്കിന്റെ കാറുമായി കൂട്ടിയിടിച്ച് ഫെറാരിയുടെ മുൻ ചക്രം തകർന്നു. കിമി റൈക്കോണൻ റേസിൽ നിന്ന് പുറത്താവുകയും ചെയ്തു. പക്ഷ ഇത് കണ്ട തോമസിന് കരച്ചിൽ അടക്കാനായില്ല. അച്ഛന്റെ മടയിൽ ഇരുന്ന് അവൻ പൊട്ടിക്കരഞ്ഞു. ഈ കാഴ്ച ക്യാമറക്കണ്ണുകൾ പകർത്തിയത് ഫെറാരി ടീമിന്റെ ശ്രദ്ധയിൽപ്പെട്ടു.

മത്സരശേഷം തോമസ് അത്യപൂർവ്വമായൊരു സമ്മാനമാണ് ഫെറാരി അധികൃതർ ഒരുക്കിയത്. ഗാലറിയിൽ നിന്ന് തോമസിനേയും കുടുംബാഗങ്ങളെയും ടീമിന്റെ കൺട്രോളിങ് റൂമിലേക്ക് എത്തിച്ചു. അവിടെ തോമസിനായി കാത്ത് കിമി റൈക്കോണൻ ഉണ്ടായിരുന്നു. തോമസിനെ കെട്ടിപ്പിടിച്ച് കിമി തന്റെ സന്തോഷം അറിയിച്ചു. അവന് തന്റെ ക്യാപ്പും കിമി സമ്മാനിച്ചു. താരത്തിനെ നേരിൽ കണ്ടപ്പോൾ തോമസ് ആവേശഭരിതനായി. നാലാം വയസ്സുമുതലാണ് തോമസ് കിമി റൈക്കോണനിന്റെ ആരാധകനായത് എന്ന് അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാവിയിൽ താനും ഈ റേസിങ് ട്രാക്കിലേക്ക് വരുമെന്ന് പറഞ്ഞാണ് തോമസ് മടങ്ങിയത്.

Read More – മിന്നൽവേഗത്തിൽ ഹാമിൽട്ടൺ ; സ്‌പാനിഷ് ഗ്രാൻപ്രിയിൽ ലൂയിസ് ഹാമിൽട്ടണിന് കിരീടം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ