കൊച്ചി: പ്രീസീസണിന് മുന്നോടിയായി മറ്റൊരു താരത്തെ കൂടി ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മുൻ ഷില്ലോങ് ടീം നായകനും ഐ-ലീഗ് താരവുമായ സാമുവൽ ലാൽമുവാൻപുയയ കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയിരിക്കുന്നത്. മിസോറോം സ്വദേശിയായ 21കാരൻ സാമുവൽ 2015ൽ ഷില്ലോംങ് പ്രീമിയർ ലീഗിൽ ഷില്ലോങ് ലാജോങ് ക്ലബ്ബിന്റെ യൂത്ത് ടീമിൽ ചേർന്നു. അവിടെ മികച്ച നേട്ടത്തോടെ ടോപ് സ്കോററായി
2016ൽ പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ച സാമുവൽ മിനർവ പഞ്ചാബ് എഫ്സിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. മിഡ് ഫീൽഡറായ സാമുവേൽ തന്റെ ആദ്യ ക്ലബിനായി കളിച്ച 65 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ റെക്കോർഡുമായാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. 2017-18 ഐ-ലീഗ് സീസണിലെ സാമുവലിന്റെ മികച്ച പ്രകടനം അദ്ദേഹത്തിന് ഐ ലീഗ് അണ്ടർ 22 പ്ലെയർ ഓഫ് സീസൺ അവാർഡ് നേടികൊടുത്തിരുന്നു.
Also Read: ഐഎസ്എല്ലിന് മുന്‍പ് യുഎഇയില്‍ പന്ത് തട്ടാന്‍ ബ്ലാസ്റ്റേഴ്സ്; പ്രീ സീസണ് മത്സരക്രമം തയ്യാര്‍
“കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ ടീമിന് മികച്ച സംഭാവന നൽകുവാനും കിരീടം നേടാൻ ടീമിനെ സഹായിക്കുവാനും സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആരാധകരാണ് പിന്തുണയുടെ ഒരു പ്രധാന ഉറവിടം, ഈ സീസണിലും അവർ ടീമിനെ ആവേശലത്തിലെത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” സാമുവൽ പറഞ്ഞു.
“ഐ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളാണ് അദ്ദേഹം. ഷില്ലോംഗ് ലജോങ്ങുമായുള്ള അദ്ദേഹത്തിന്റെ കാലഘട്ടം അദ്ദേഹത്തെ പരിചയസമ്പന്നനായ ഒരു ഫുട്ബോൾ കളിക്കാരനാക്കി. മാത്രമല്ല സാങ്കേതികമായി വളരെ മികച്ച കളിക്കാരനാണ് സാമുവൽ. അദ്ദേഹം തീർച്ചയായും ടീമിൽ വിലപ്പെട്ട ഒരു കളിക്കാരനാകും. ”കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറയുന്നു