പ്രതാപകാലത്ത് ലോക ക്രിക്കറ്റിലെ ബാറ്റർമാരുടെയെല്ലാം പേടി സ്വപ്നമായിരുന്നു ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ മോർണെ മോർക്കൽ. എന്നാൽ പ്രോടീസിന് വേണ്ടി നിരവധി വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള അദ്ദേഹം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ എന്നും ഭയപ്പെട്ടിരുന്നു എന്ന് പറയുകയാണ് ഇപ്പോൾ. 2006ലെ പരമ്പരയിൽ സച്ചിന് പന്തെറിയാൻ പറഞ്ഞപ്പോൾ പകച്ചുപോയി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോർക്കൽ.
മോർക്കൽ തന്റെ അരങ്ങേറ്റം നടത്തിയത് ആ പരമ്പരയിൽ ആയിരുന്നു. ലിറ്റിൽ മാസ്റ്ററിന് പന്തെറിയുന്നതിനെക്കുറിച്ച് ചിന്തിച്ച് തന്റെ കൈകൾ മരവിച്ചു പോയത് അദ്ദേഹം ഇപ്പോഴും ഓർക്കുന്നു.
“2006ൽ ഞാൻ അരങ്ങേറ്റം കുറിച്ചപ്പോൾ… ഞാൻ എന്റെ ആദ്യ ഓവർ സച്ചിനാണ് എറിഞ്ഞത്. പോളി (ഷോൺ പൊള്ളോക്ക്) എനിക്ക് പന്ത് നൽകിയപ്പോൾ പകച്ചു പോയത് ഞാൻ ഓർക്കുന്നു,” അദ്ദേഹം ഒസ്റ്റാർ സ്പോർട്സിന്റെ ലൈവ് ഷോയിൽ പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ആകെ ആറ് സെഞ്ചുറികൾ നേടിയ സച്ചിൻ അന്ന് മികച്ച ഫോമിൽ ആയിരുന്നു. എന്നാൽ, 2006/07 പര്യടനത്തിൽ സച്ചിന്ഒരു സെഞ്ച്വറി പോലും നേടാനായില്ല. പിന്നീട് 2010ൽ തന്റെ അവസാന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് സച്ചിൻ രണ്ട് സെഞ്ചുറികളുമായി തിരിച്ചുവരവ് നടത്തിയത്.
ആ പരമ്പരയിൽ സച്ചിന് പന്തെറിയുമ്പോഴേക്കും തനിക്ക് കൂടുതൽ ആത്മവിശ്വാസം വന്നതായി മോർക്കൽ ഓർത്തു.
Also Read: IND vs SA First Test, Day 2: വില്ലനായി മഴ; രണ്ടാം ദിനത്തിലെ കളി ഉപേക്ഷിച്ചു
“2010ൽ, അതൊരു ടെസ്റ്റ് മത്സരമായിരുന്നു, ഒന്നാം ദിവസം, നല്ല മഴ ഉണ്ടായിരുന്നു. ഇന്ത്യയെ 130 റൺസിന് പുറത്താക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. പിന്നീട് ബാറ്റിങ് സാഹചര്യങ്ങൾ മെച്ചപ്പെട്ടു, രണ്ടാം ഇന്നിംഗ്സിൽ അദ്ദേഹം ബാറ്റ് ചെയ്ത രീതി അതിശയകരമായിരുന്നു. ആ ബാറ്റിലേക്ക് ബൗൾ ചെയ്യാൻ വലിയ പാടായിരുന്നു. ഞങ്ങൾ അദ്ദേഹത്തിന് നേരെ പ്ലാൻ ചെയ്ത് എറിഞ്ഞു, എന്നിട്ടും അതിനും അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നു. എനിക്കിത് വളരെ പ്രത്യേകതായുള്ള ഓർമയാണ്,” മോർക്കൽ പറഞ്ഞു.
ഡെയ്ൽ സ്റ്റെയ്നൊപ്പം ദീർഘനാൾ ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിന് നേതൃത്വം നൽകിയ മോർക്കൽ 86 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 309 വിക്കറ്റുകളും 117 ഏകദിന മത്സരങ്ങളിൽ നിന്ന് 188 വിക്കറ്റുകളുമായാണ് വിരമിച്ചത്. 44 ടി20 മത്സരങ്ങളിൽ നിന്നായി 47 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.