ന്യൂഡൽഹി: വിരാട് കോഹ്ലിയോ രോഹിത് ശർമ്മയോ? ആരാണ് മികച്ച ക്യാപ്റ്റനെന്ന ചോദ്യം ഏഷ്യാ കപ്പിന് ശേഷം ശക്തമായി ഉയർന്നു കഴിഞ്ഞു. ഫൈനലുകളിൽ പതറാത്ത പോരാട്ടത്തിന്റെ ക്രഡിറ്റാണ് രോഹിത് ശർമ്മയെ ഏറ്റവും പ്രിയപ്പെട്ടവനാക്കുന്നത്. എന്നാൽ സ്ഥിരതയുളള ബാറ്റിങും മത്സരങ്ങളുടെ വിജയക്കണക്കും കൊണ്ട് വിരാട് കോഹ്ലിക്കും പിന്നിൽ ആളുകളുണ്ട്.

ഇംഗ്ലണ്ടിലേറ്റ പരാജയത്തിന്റെ ക്ഷീണമാണ് വിരാട് കോഹ്ലിക്ക് മുകളിൽ ഇപ്പോഴുളളത്. എന്നാൽ രോഹിത് ശർമ്മ ലക്കി ബോയ് ആണ്. ഏഷ്യാ കപ്പിൽ പതറിപ്പോയ മത്സരങ്ങളുണ്ട്. ഹോങ്കോങും അഫ്ഗാനിസ്ഥാനും വിറപ്പിച്ചു. ഫൈനലിൽ ബംഗ്ലാദേശിനെതിരെ അവസാന പന്തിലാണ് വിജയം നേടിയത്. എങ്കിലും ഏഷ്യാ കപ്പിൽ ഒറ്റ മത്സരവും തോറ്റില്ലെന്ന ക്രഡിറ്റ് ഹിറ്റ്മാന്റെ കരിയറിലുണ്ട്. പുറമെ സമ്മർദ്ദമില്ലാതെ മികച്ച വ്യക്തിഗത പ്രകടനവും അദ്ദേഹം കാഴ്ചവച്ചു.

ക്രിക്കറ്റ് ലോകത്തിലാകെ ചൂടുപിടിച്ചിരിക്കുകയാണ് ഈ ചർച്ച. ആരാണ് മികച്ച ക്യാപ്റ്റൻ എന്നാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. രോഹിതിന് പിന്തുണയുമായി വന്നിരിക്കുന്നത് മുൻ ലോകോത്തര താരവും പാക് ടീമിന്റെ ക്യാപ്റ്റനുമായിരുന്ന വഖാർ യൂനിസാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വിരാട് കോഹ്ലിയെക്കാൾ മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്.

“വിരാട് കോഹ്ലി എന്നും വിരാട് കോഹ്ലിയാണ്. അദ്ദേഹം ഇല്ലാതിരുന്നിട്ടും ഇന്ത്യൻ ടീം ഏഷ്യ കപ്പിൽ നന്നായി കളിച്ചു. വിരാട് കോഹ്ലി ഒരു വലിയ വ്യത്യാസമാണ്. എന്നാൽ രോഹിത് ശർമ്മ ക്യാപ്റ്റനെന്ന നിലയിൽ നാൾക്കുനാൾ വളരുകയാണ്. അദ്ദേഹം വളരെ കൂളാണ്. ഐപിഎല്ലിലും ഞാനദ്ദേഹത്തിന്റെ ക്യാപ്റ്റൻസി കണ്ടതാണ്. ടീമിലെ ആളുകളെ ആത്മവിശ്വാസത്തോടെ കളിക്കാൻ അദ്ദേഹം സഹായിക്കുന്നു. അദ്ദേഹം നല്ല ഒന്നാം തരം ക്യാപ്റ്റനാണ്.” വഖാർ യൂനിസ് ഖാൻ.

ശിഖർ ധവാനും രോഹിത് ശർമ്മയും ഓപ്പണിങ് വിക്കറ്റിൽ മികച്ച കളിയാണ് എപ്പോഴും പുറത്തെടുക്കുന്നതെന്ന് പറഞ്ഞ വഖാർ യൂനിസ്, ഇന്ത്യ ഏത് കിരീടവും നേടാൻ പ്രാപ്തിയുളള പ്രൊഫഷണൽ ക്രിക്കറ്റ് ടീമാണെന്നും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook