തിരുവനന്തപുരം: ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ റോഹൻ പ്രേമിനെ പിരിച്ചുവിട്ടു. വ്യാജരേഖ ചമച്ചതിന് ഇദ്ദേഹത്തിന് എതിരെ കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ഓഡിറ്റർ തസ്‌തികയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. ഓഡിറ്റർ തസ്‌തികയിൽ ജോലി നേടുന്നതിനായി ഉത്തർപ്രദേശിലെ ഝാൻസിയിലെ സർവ്വകലാശാലയുടെ സർട്ടിഫിക്കറ്റാണ് ഇദ്ദേഹം ജോലി ലഭിക്കാനായി ഹാജരാക്കിയത്.

എന്നാൽ സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി ഏജീസ് ഓഫീസ് പരിശോധിച്ചതോടെ താരം കുടുങ്ങി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ പുറമെ ഏജീസ് ഓഫീസിന്റെ പരാതിയിൽ ഇദ്ദേഹത്തിനെതിരെ കേസെടുത്തു. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കുമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

2012-13 സീസണിലും 2016-17 സീസണിലും കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റനായിരുന്നു റോഹൻ പ്രേം. ഇടങ്കൈയ്യൻ ബാറ്റ്സ്‌മാനായ ഇദ്ദേഹം ഓഫ് സ്പിന്നർ കൂടിയാണ്. മുൻപ് ഇന്ത്യ അണ്ടർ 19 സംഘത്തിലും കളിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ