ഹൂസ്റ്റണ്‍: മുന്‍ കേരള ക്രിക്കറ്റ് താരം സികെ ഭാസ്കരൻ (ചന്ദ്രോത്ത് കല്യാടന്‍ ഭാസ്കരൻ) അന്തരിച്ചു. 79 വയസ്സായിരുന്നു യുഎസിലെ ഹൂസ്റ്റണില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു അദ്ദേഹം.

വലംകൈയ്യൻ മീഡിയം പേസറായ അദ്ദേഹം 42 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ പങ്കെടുത്തുിട്ടുണ്ട്. ഇന്ത്യൻ ടീമിനു വേണ്ടി കളിച്ച സികെ ഭാസ്കരൻ കേരള രഞ്ജി ടീം, ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം, മദ്രാസ് ചീഫ് മിനിസ്റ്റേഴ്സ് ഇലവൻ, മദ്രാസം ടീം, സൗത്ത് സോൺ എന്നിവയ്ക്ക് വേണ്ടി ഗ്ലൗസണിഞ്ഞിട്ടുണ്ട്. 1957 മുതല്‍ 1969 വരെ രഞ്ജി ട്രോഫി ടീമിൽ സജീവമായിരുന്നു.

Read More: എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല: വിവാദങ്ങളെക്കുറിച്ച് രോഹിത് ശർമ

ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിച്ച കേരള താരമാണ്. 1965ൽ സിലോണിനെതിരെയാണ് (ഇന്നത്തെ ശ്രീലങ്ക) ഇന്ത്യക്ക് വേണ്ടി ടെസ്റ്റിനിറങ്ങിയത്. ഇന്ന് സിലോണിന് ടെസ്റ്റ് പദവി ഇല്ലാതിരുന്നതിനാല്‍ ഈ മത്സരത്തെ അനൗദ്യോഗിക മത്സരമായാണ് കണക്കാക്കുന്നത്. അഹമ്മദാബാദിൽ വച്ചായിരുന്നു മത്സരം.

16-ാം വയസിലാണ് കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്. 1957-58 സീസണില്‍ ആന്ധ്രയ്‌ക്കെതിരെയായിരുന്നു ആദ്യ മത്സരം. കരിയറിന്റെ അവസാന സമയത്ത് മദ്രാസിന് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. 1967–68 സീസണിൽ രഞ്ജി റണ്ണർ അപ്പായ മദ്രാസ് ടീമിന്റെ ഭാഗമായിരുന്നു.

Read More: പിതാവിനെ അവസാനമായി കാണാൻ കഴിയില്ല; മനംനൊന്ത് സിറാജ്

ഫസ്റ്റ് ക്ലാസ് കരിയറിൽ ആകെ 42 മത്സരങ്ങളിലെ 64 ഇന്നിങ്സിൽ നിന്നായി 106 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. കേരളത്തിനു വേണ്ടി 21 മത്സരങ്ങളിലെ 37 ഇന്നിങ്‌സുകളില്‍ നിന്ന് 69 വിക്കറ്റുകള്‍ വീഴ്ത്തി. ഫസ്റ്റ് ക്ലാസ് കരിയറിൽ ആകെ 580 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 345 റണ്‍സ് കേരളത്തിന് വേണ്ടിയായിരുന്നു.

1941 മേയ് അഞ്ചിന് തലശേരിയിലാണ് സികെ ഭാസ്കരൻ ജനിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് നേടിയിരുന്നു. ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ശേഷം അദ്ദേഹം യുഎസിൽ സ്ഥിരതാമസമാക്കുകയായിരുന്നു. സഹോദരൻ സികെ വിജയനും കേരളത്തിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook