കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പര്‍ താരം സികെ വിനീത് ടീം വിടുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുകയാണ്. ഇതിനിടെ താരത്തെ ലക്ഷ്യമിട്ട് ഒരു ഐഎസ്എല്‍ ടീം രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ചാമ്പ്യന്മാരായ എടികെ വിനീതിനെ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് ചില കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏറെ പ്രതീക്ഷയോടെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചതായിരുന്നു വിനീതിനെ. ഈ സീസണില്‍ ടീം നിലനിര്‍ത്തിയ താരങ്ങളിലൊരാളായിരുന്നു വിനീത്. എന്നാല്‍ താരം ആരാധകരുടേയും ടീമിന്റേയും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. പലപ്പോഴും ചില ഒറ്റപ്പെട്ട പ്രകടനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയി. ഇതോടെയായിരുന്നു താരത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമായിരുന്നു വിനീതും ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ പിരിയുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. താരവും ടീം അധികൃതരും തമ്മില്‍ ധാരണയിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സൂപ്പര്‍താരത്തെ ലക്ഷ്യമിട്ട് കൊല്‍ക്കത്തന്‍ വമ്പന്മാര്‍ എത്തുന്നു എന്ന വാര്‍ത്ത.

വിനീതുമായി എടികെ മാനേജുമെന്റ് ചര്‍ച്ച നടത്തിയെന്നും ഏറെക്കുറെ ഇരുകൂട്ടരും ധാരണയിലെത്തിയതായുമാണ് റിപ്പോര്‍ട്ട്. അതേസമയം, താരമോ ടീം അധികൃതരോ ഇതിനെ കുറിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. രണ്ട് കോടിയ്ക്ക് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ താരത്തെ ട്രാന്‍സ്ഫര്‍ ഫീസില്ലാതെ കൈമാറാന്‍ ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്നും ഗോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ