തിരുവനന്തപുരം: കേരള സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനെ തെരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ (എച്ച് പി സി) ഡയറക്ടറാണ് ടിനു. പേസ് ബൗളറായി 2001-ലാണ് ടിനു ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് അരങ്ങേറിയത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച അദ്ദേഹം 2002-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായി ഏകദിനത്തിലും അരങ്ങേറി. മൂന്ന് മത്സരങ്ങളില്‍ കളിച്ചിരുന്നു.
ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയുമായുള്ള കൂടിയാലോചനക്ക് ശേഷമാണ് തീരുമാനം എടുത്തത്. കേരളത്തിന്റെ മറ്റ് ജൂനിയര്‍ ടീമുകളുടെ കോച്ച്മാരെ തീരുമാനിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഭാരവാഹികളെ ചുമതലപ്പെടുത്തി.
Read Also: വേനലൊഴിവിന് പ്രിയ എ എസിന്റെ കഥകള്‍, സീസണ്‍ 2 സമ്പൂര്‍ണ്ണം
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറക്ക് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ തുറക്കാനും ജനറല്‍ ബോഡി തീരുമാനിച്ചു. അന്തര്‍ ജില്ലാ, സോണ്‍, ലീഗ് മത്സരങ്ങള്‍ പുനക്രമീകരിക്കാന്‍ ഭാരവാഹികളെ ചുമതലപെടുത്തി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ജില്ലാ ലീഗ് മത്സരങ്ങള്‍ക്ക് നടത്തിയതിനു ശേഷം നടത്താന്‍ തീരുമാനിച്ചു. ഈ ജില്ലകളില്‍ നിലവില്‍ ഉള്ള ഭാരവാഹികളും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അടുത്ത ഇലക്ഷന്‍ വരെ തുടരും. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജനറല്‍ ബോഡി യോഗം ചേര്‍ന്നത്.
മുന്‍ ഓസ്‌ട്രേലിയന്‍ താരമായ ഡേവ് വാട്ട്‌മോറിന് പകരമാണ് ടിനുവിനെ പരിശീലകനായി കെസിഎ നിയമിച്ചത്. വാട്ട്‌മോറിന് കീഴില്‍ കേരളം രഞ്ജി ട്രോഫി സെമിഫൈനലില്‍ കളിച്ചിട്ടുണ്ടെങ്കില്‍ കഴിഞ്ഞ വര്‍ഷം ടീം ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല.