ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു രോഹിത് ശര്‍മ്മയെ നോക്കി കാണുന്നത് ഒരു സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ എന്ന നിലയിലാണെന്ന്. രോഹിത്തിന് കൂടുതല്‍ അവസരം നല്‍കുന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

മുന്‍ താരങ്ങളായ സൗരവ്വ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണും രോഹിത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം നയന്‍ മോംഗിയ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ഒരിക്കല്‍ ഇന്ത്യയുടെ ഓപ്പണറായിരുന്നു നയന്‍ മോംഗിയ എന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. രോഹിത്തിനെ ഓപ്പണറാക്കാനുള്ള തീരുമാനം പറയത്തക്ക നേട്ടമുണ്ടാക്കില്ലെന്നാണ് മോംഗിയയുടെ അഭിപ്രായം. രോഹിത്തിന് പകരം രണ്ട് ആഭ്യന്തര താരങ്ങളേയും മോംഗിയ മുന്നോട്ട് വയ്ക്കുന്നുണ്ട്.

Read More: രോഹിത് ടെസ്റ്റില്‍ ക്ലിക്കായാല്‍ ഇതുവരെ നേടാനാകാത്ത പലതും നമുക്ക് നേടാനാകും: സഞ്ജയ് ബംഗാര്‍

”ഓപ്പണിങ് കീപ്പിങ് പോലെ സ്‌പെഷ്യലൈസ്ഡ് മേഖലയാണ്. ഏകദിനത്തില്‍ അവന്‍ ഓപ്പണ്‍ ചെയ്യുന്നുണ്ടെന്നത് ശരി, പക്ഷെ ടെസ്റ്റില്‍ വളരെ വ്യത്യസ്തമാണ് കാര്യങ്ങള്‍. അഡ്ജസ്റ്റ് ചെയ്യാനുള്ള മാനസികനില വേണം. അല്ലെങ്കില്‍ ഏകദിനത്തില്‍ ചെയ്യുന്നത് പോലെ അവന്‍ ആക്രമിച്ച് കളിക്കണം. രോഹിത് അവന്റെ കരുത്തില്‍ ഉറച്ചു നില്‍ക്കണം.അല്ലാതെ ടെസ്റ്റിനായി സ്വന്തം ശൈലി മാറ്റരുത്. അങ്ങനെ ചെയ്താല്‍ അവന്റെ നിശ്ചിത ഓവര്‍ കരിയറിനെ ബാധിക്കും”.

”ഓപ്പണര്‍ എന്ന നിലയില്‍ ഒരു സീസണില്‍ 1000-800 റണ്‍സ് നേടിയിട്ടുളളവര്‍ക്ക് എന്തുകൊണ്ട് അവസരം നല്‍കിക്കൂടാ,പഞ്ചലിനേയും ഈശ്വരനേയും പോലുള്ളവര്‍ ആഭ്യന്തര ക്രിക്കറ്റില്‍ 50-60 ആവറേജുള്ളവരാണ്. അവര്‍ക്കെന്നാണ് അവസരം കിട്ടുക? അവരെ നിരുത്സാഹപ്പെടുത്തുന്നതാണിത്” മോംഗിയ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook