കൊൽക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ സുഭാഷ് ഭൗമിക് അന്തരിച്ചു. പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളെയും തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ദക്ഷിണ കൊൽക്കത്തയിലെ എക്ബൽപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെ 3.30 ന് ആയിരുന്നു അന്ത്യം. 72 വയസ്സായിരുന്നു.
കൊൽക്കത്തയിൽ ‘ഭോംബോൾ ദാ’ എന്നറിയപ്പെടുന്ന ഭൗമിക് ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളും മികച്ച പരിശീലകനുമായിരുന്നു. 1970ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
ക്ലബ്ബ് കരിയറിൽ ആകെ 26 ട്രോഫികൾ നേടിയ താരമാണ് സുഭാഷ് ഭൗമിക്. ഇതിൽ 18 എണ്ണം മോഹൻ ബഗാനിൽ കളിക്കുമ്പോഴായിരുന്നു. ആറ് വർഷത്തിനിടെ മോഹൻ ബഗാന് വേണ്ടി നാല് ഹാട്രിക്കുകൾ ഉൾപ്പെടെ ആകെ 82 ഗോളുകളാണ് സുഭാഷ് നേടിയത്. ഈസ്റ്റ് ബംഗാളിനായി അഞ്ച് വർഷത്തിനിടെ 83 ഗോളുകളും അദ്ദേഹം നേടി.
1970, 1986 എന്നീ വർഷങ്ങളിലാണ് അദ്ദേഹം കൂടുതൽ ഗോളുകൾ നേടിയത്. 1970 27 തവണയും 1986 19 തവണയും അദ്ദേഹം വലകുലുക്കി.. ഗോൾ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് കൊൽക്കത്തയിലെ മൈതാനങ്ങളിൽ ഭൗമിക് ‘ബുൾഡോസർ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ വിജയകരമായ കരിയറിന് ശേഷം, പിന്നീട് പരിശീലക വേഷത്തിൽ അദ്ദേഹം തന്റെ രണ്ടാമത്തെ വരവ് നടത്തി. ഈസ്റ്റ് ബംഗാളിനെ ആസിയാൻ ക്ലബ് കപ്പ് സ്വന്തമാക്കാൻ സഹായിച്ചത് അദ്ദേഹത്തിന്റെ പരിശീലന മികവായിരുന്നു.
ഒരു പരിശീലകനെന്ന നിലയിലും മുൻ അറ്റാക്കിംഗ് മിഡ്ഫീൽഡറെന്ന നിലയിലും, ആധുനിക ‘ഫാൾസ് ഒൻപത്’ ശൈലിയിൽ കളിക്കുന്നതിൽ അദ്ദേഹം ഒരിക്കലും വിശ്വസിച്ചിരുന്നില്ല. പകരം ക്ലാസിക്കൽ ആക്രമണ ശൈലി പ്രോത്സാഹിപ്പിക്കുകയും, രാജ്യത്തിനായി കളിച്ച നിരവധി കളിക്കാരെ പരിശീലിപ്പിക്കുകയും ചെയ്തു.