പെട്ടെന്ന് ദേഷ്യം വരികയും കളിക്കളത്തിൽ അത് പ്രകടിപ്പിക്കുകയും ചെയ്യുന്ന താരമാണ് വിരാട് കോഹ്ലി. ക്യാപ്റ്റൻ ആയതോടെ ആ സ്വഭാവം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ചിലപ്പോൾ അംപയർമാർക്കെതിരെ പോലും കോഹ്ലി ദേഷ്യപ്പെടാറുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കോഹ്ലി അംപയർമാരോട് ക്ഷോഭിക്കുന്നത് പലപ്പോഴും കണ്ടതുമാണ്. ഇതിനെതിരെയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രമുഖർ അടക്കം രംഗത്തെത്തിയത്.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അംപയർമാരോട് മോശമായാണ് പെരുമാറിയതെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റർ ഡേവിഡ് ലോയ്ഡ് കുറ്റപ്പെടുത്തി. അംപയർമാരെ സമ്മർദത്തിലാക്കുന്ന വിധമാണ് കോഹ്ലി പെരുമാറുന്നതെന്നും അർഹിക്കുന്ന ബഹുമാനം നൽകുന്നില്ലെന്നും ലോയ്ഡ് പറഞ്ഞു.
Read Also: ഇന്ത്യയ്ക്ക് തിരിച്ചടി; ശ്രേയസ് അയ്യർ ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് പുറത്ത്, ഐപിഎല്ലും നഷ്ടമായേക്കും
“സോഫ്റ്റ് സിഗ്നൽ ഔട്ട് വിളിക്കാൻ ഇംഗ്ലണ്ട് താരങ്ങൾ അംപയറോട് സമ്മർദം ചെലുത്തിയെന്നാണ് കോഹ്ലി പറയുന്നത്. ഇംഗ്ലണ്ട് താരങ്ങൾ അങ്ങനെയൊരു സമ്മർദം ചെലുത്തിയോയെന്ന് എനിക്കറിയില്ല. പക്ഷേ, കോഹ്ലി അംപയർമാരോട് ബഹുമാനമില്ലാതെ പെരുമാറുകയും സമ്മർദം ചെലുത്തുകയും ചെയ്യുന്നുണ്ട്,” ലോയ്ഡ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ നാലാം ടി 20 യിൽ ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ സോഫ്റ്റ് സിഗ്നൽ ഔട്ട് വിളിക്കാൻ ഇംഗ്ലണ്ട് താരങ്ങൾ അംപയർമാരെ സ്വാധീനിച്ചുവെന്നാണ് കോഹ്ലിയുടെ ആരോപണം.