ന്യൂഡല്‍ഹി: ഡിംസബര്‍ മൂന്നിന് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ബാറ്റിങ് പരിശീലകന് വിക്രം റാത്തോറിനും മുന്നറിയിപ്പുമായി മുന്‍താരം വി.വി.എസ്. ലക്ഷ്മണ്. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ബാറ്റിങ് നിര നിലവാരത്തിനൊത്ത് ഉയരാത്തതാണ് ലക്ഷ്മണിന്റെ ഉപദേശത്തിന് പിന്നിലെ പ്രധാന കാരണം.
കാണ്‍പൂര്‍ ടെസ്റ്റില്‍ മുതിര്‍ന്ന താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരടങ്ങുന്ന മുന്‍നിരയുടെ ശരാശരി 21.25 മാത്രമാണ്. 2010 ന് ശേഷം ഇത് രണ്ടാം തവണയാണ് ആദ്യ നാല് ബാറ്റര്‍മാര്‍ ചേര്‍ന്ന് നേടിയ റണ്‍സിന്റെ ശരാശരി ഇത്രയധികം കുറയുന്നത്. 2021 ലാണ് രണ്ട് തവണയും ഇത് സംഭവിച്ചതെന്ന പ്രത്യേകതയുമുണ്ട്.
“എന്നെ നിരാശപ്പെടുത്തുന്ന ഒരു കാര്യം ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ്ങാണ്. പ്രധാനമായും മുന്‍നിര തന്നെ. അടുത്ത ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. താരങ്ങള്‍ ഔട്ടാകുന്നതിലല്ല, എങ്ങനെ ഔട്ടാകുന്നു എന്നാണ് ശ്രദ്ധിക്കേണ്ടത്. പലരുടേയും പുറത്താകലുകള്‍ തെറ്റുകള്‍ ആവര്‍ത്തിച്ചതുകൊണ്ട് സംഭവിച്ചതാണ്,” ലക്ഷ്മണ് സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
“ഇന്ത്യ ടെസ്റ്റ് മത്സരം കളിക്കുന്നത് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ്. അതുകൊണ്ട് തന്നെ പറ്റിയ തെറ്റുകള്‍ തിരുത്തേണ്ടത് അനിവാര്യമായിരുന്നു. സാങ്കേതിക തലത്തിലാണ് കൂടുതലും പിഴവുകള്‍ സംഭവിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ ദ്രാവിഡും വിക്രം റാത്തോറും ശ്രദ്ധ ചെലുത്തുമെന്ന് എനിക്ക് ഉറപ്പാണ്,” ലക്ഷ്മണ് കൂട്ടിച്ചേര്‍ത്തു.