മുംബൈ: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിന് അര്‍ഹമായ അംഗീകാരം പല താരങ്ങള്‍ക്കും ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിവിഎസ് ലക്ഷ്മണ്. ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്, വെങ്കിടേഷ് അയ്യര്‍ എന്നിവര്‍ക്കാണ് ആദ്യമായി ടീമിലേക്ക് വിളി വന്നിരിക്കുന്നത്, റുതുരാജ് ഗെയ്ക്വാദും ഒപ്പമുണ്ട്.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 32 വിക്കറ്റുകളുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ തിളങ്ങിയിരുന്നു. ഒരു സീസണില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്താനും താരത്തിനായി. ആവേശ് ഖാനാകട്ടെ 24 വിക്കറ്റുമായി രണ്ടാം സ്ഥാനത്തുമെത്തി. അടുത്ത ട്വന്റി 20 ലോകകപ്പ് ഓസ്ട്രേലിയയില്‍ നടക്കാനിരിക്കെയാണ് ബിസിസിഐയുടെ പുതിയ നീക്കം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഓപ്പണിങ് റോളില്‍ എത്തിയ വെങ്കിടേഷ് അയ്യര്‍ കേവലം 10 മത്സരങ്ങളില്‍ നിന്ന് 370 റണ്‍സാണ് നേടിയത്. താരത്തിന് പുതിയ റോള്‍ നല്‍കിയിരിക്കുകയാമ് ലക്ഷ്മണ്. ബാറ്റിങ്ങില്‍ മധ്യനിരയില്‍ ഇറങ്ങുകയും കുറച്ച് ഓവറുകള്‍ എറിയാനും കഴിഞ്ഞാല്‍ ഇന്ത്യക്കൊരു ഓള് റൗണ്ടറിനെ ലഭിക്കുമെന്നാണ് ലക്ഷ്മണ് പറയുന്നത്.
“ബാറ്റിങ് നിരയില്‍ അഞ്ച്, ആറ് സ്ഥാനങ്ങളില്‍ വെങ്കിടേഷിനെ ഉപയോഗിക്കാം. രണ്ടോ അതില്‍ കൂടുതലോ ഓവറുകളും താരത്തിന് എറിയാന്‍ സാധിക്കും. ഹാര്‍ദിക്കിന് പിന്‍ഗാമിയായി പരിഗണിക്കാവുന്ന താരമാണ്. മികച്ചൊരു ഓള് റൗണ്ടറായി വെങ്കിടേഷിനെ വളര്‍ത്തിയെടുക്കാന്‍ കഴിയും,” ലക്ഷ്മണ് വ്യക്തമാക്കി.