സിഡ്‌നി: ഒട്ടേറെ വിവാദ തീരുമാനങ്ങളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച ഓസ്‌ട്രേലിയന്‍ അമ്പയര്‍ ഡരല്‍ ഹെയര്‍ മോഷണക്കേസില്‍ പിടിയില്‍. ജോലിചെയ്യുന്ന മദ്യക്കടയില്‍നിന്ന് ഈ വര്‍ഷം ഫെബ്രുവരി 25നും ഏപ്രില്‍ 28നും ഇടയില്‍ 9005.75 ഓസ്‌ട്രേലിയന്‍ ഡോളര്‍ മോഷ്ടിച്ചുവെന്നു ഹെയര്‍ സമ്മതിച്ചിട്ടുണ്ട്.

മുത്തയ്യ മുരളീധരന്റെ ബോളിങ് ആക്ഷനെതിരെ നോ ബോള്‍ വിളിച്ചതടക്കം ഒട്ടേറെ വിവാദ തീരുമാനങ്ങളിലൂടെയാണ് ഹെയര്‍ വാര്‍ത്താ ശ്രദ്ധപിടിച്ച് പറ്റിയിരുന്നത്. ഹെയർ 1992 മുതൽ 2008 വരെ 78 ടെസ്റ്റുകളിൽ അമ്പയറായിരുന്നു.

2006ൽ ഓവലിൽ പാക്കിസ്ഥാൻ ബോളർമാർ പന്തിൽ കൃത്രിമം കാട്ടിയെന്ന പേരിൽ അഞ്ചു പെനൽറ്റി റൺസ് ഇംഗ്ലണ്ടിനു നൽകാനുള്ള തീരുമാനവും വിവാദമായി. പാക്കിസ്ഥാൻ താരങ്ങൾ ഫീൽഡിൽനിന്നു വിട്ടുനിന്നപ്പോൾ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ചൂതാട്ട തൽപരനായിരുന്ന ഹെയറിന്റെ മോഷണം സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മേലധികാരികൾ കണ്ടുപിടിച്ചത്. ഹെയർ പണം തിരിയെ നൽകിയതുകൊണ്ടു 18 മാസം നല്ലനടപ്പിനു കോടതി വിധിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ