ക്രിക്കറ്റ് ലോകത്തിന് തന്നെ ഞെട്ടലുളവാക്കിയ ഒന്നായിരുന്നു ടെസ്റ്റ് ക്രിക്കറ്റ് നായക പദവിയില്‍ നിന്നുള്ള വിരാട് കോഹ്ലിയുടെ പടിയിറക്കം. ഏകദിന, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ നിന്ന് നേരത്തെ തന്നെ കോഹ്ലി നായക സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്ന് രോഹിത് ശര്‍മയെ പുതിയ നായകനായി ബിസിസിഐ നിയമിക്കുകയും ചെയ്തു.
വിദേശ രാജ്യങ്ങളില്‍ പോലും ആധിപത്യം സ്ഥാപിക്കാനായെങ്കിലും കോഹ്ലിയുടെ കീഴില്‍ ഐസിസി കിരീടങ്ങള്‍ നേടാന്‍ ഇന്ത്യയ്ക്കായില്ല എന്നതാണ് പ്രധാന പോരായ്മ. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, 2019 ഏകദിന ലോകകപ്പ് സെമി ഫൈനല്‍, 2021 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവയിലെല്ലാം തോല്‍വി രുചിച്ചു.
കോഹ്ലിക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ പരിശീലകൻ രവി ശാസ്ത്രി. പല വലിയ താരങ്ങളും ലോകകപ്പ് നേടിയിട്ടില്ല. രാഹുല്‍ ദ്രാവിഡ്, ഗാംഗുലി, അനില്‍ കുംബ്ലെ എന്നിവരെല്ലാം പട്ടികയിലുണ്ട്. ഇവരെല്ലാം മോശം കളിക്കാരാണെന്നാണൊ അതിനര്‍ഥം, ശാസ്ത്രി പിടിഐയോട് സംസാരിക്കവെ ചോദിച്ചു.
ലോകകപ്പ് സ്വന്തമാക്കിയ എത്ര നായകന്മാര് നമുക്കുണ്ട്. ആറ് ലോകകപ്പുകള്‍ കളിച്ചതിന് ശേഷമാണ് സച്ചിന് ആ നേട്ടത്തിലേക്ക് എത്താനായത്. നിങ്ങള്‍ എത്തരത്തിലുള്ള കളിക്കാരനായിരുന്നു എന്നാണ് എല്ലാവരും നോക്കുക. ഒരു പരമ്പരയില്‍ പരാജയപ്പെടുമ്പോള്‍ വിമര്‍ശനം വരം. ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്, ശാസ്ത്രി ചൂണ്ടിക്കാണിച്ചു.
കോഹ്ലി നായകനായിരുന്ന കാലഘട്ടത്തില്‍ ശാസ്ത്രിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്‍. ട്വന്റി 20 ലോകകപ്പിന് ശേഷമാണ് ശാസ്ത്രിയുടേയും മറ്റ് സ്റ്റാഫിന്റേയും കരാര്‍ കാലാവധി അവസാനിച്ചത്. തുടര്‍ന്ന് രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
Also Read: ലോകത്തിലെ മികച്ച താരം താനാണെന്ന് കോഹ്ലി ഇനി തെളിയിക്കും: വോണ്‍