/indian-express-malayalam/media/media_files/uploads/2023/01/Kapil-Dev-FI-1.jpg)
കപില്‍ ദേവ്
മുംബൈ: 2023 ഏകദിന ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ സമ്മര്‍ദം മറികടക്കുക എന്നത് ഇന്ത്യക്ക് വെല്ലുവിളിയായിരിക്കുമെന്ന് മുന്‍ താരം കപില്‍ ദേവ്.
രണ്ട് തവണ ലോകജേതാക്കളായ ഇന്ത്യ മൂന്നാം കിരീടം തേടിയാണ് ഇറങ്ങുന്നത്. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ടൂര്‍ണമെന്റ്. "ലോകകപ്പിനുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള ടീമുകളില്‍ ഒന്ന് ഇന്ത്യയായിരിക്കും. കുറച്ച് കാലമായി അങ്ങനെയാണല്ലൊ," കപില്‍ ദേവ് പറഞ്ഞു.
"എല്ലാ കോണില്‍ നിന്നും വലിയ പ്രതീക്ഷയുണ്ട്. നമ്മള്‍ സ്വന്തം നാട്ടില്‍ ലോകകപ്പ് നേടിയിട്ടുണ്ട്. ആരൊക്കെ ടീമില്‍ ഇടം നേടിയാലും നമുക്ക് അത് സാധിക്കും. താരങ്ങളെല്ലാം പൂര്‍ണമായി തയാറെടുത്തിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ," കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇന്ത്യന്‍ ടീമിലെ പല മുന്‍നിര താരങ്ങളും പരുക്കിന്റെ പിടിയിലാണ്. ഒരു വര്‍ഷമായി ഇന്ത്യയുടെ പ്രധാന പേസറായ ജസ്പ്രിത് ബുംറ കളത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഇന്നത്തെ കാലത്ത് മത്സരങ്ങളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നതിനാല്‍ ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ അധിക ശ്രദ്ധ ആവശ്യമാണെന്ന് കപില്‍ ഓര്‍മ്മിപ്പിച്ചു.
"ഞങ്ങളുടെ കാലത്ത് ഒരുപാട് മത്സരങ്ങള്‍ കളിക്കുന്നത് വിരളമായി മാത്രമായിരുന്നു. ഇന്ന് ഒരു വര്‍ഷത്തില്‍ 10 മാസവും മത്സരങ്ങളുണ്ട്. അതുകൊണ്ട് തന്നെ പരുക്കുകളില്‍ നിന്ന് ശരീരം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. എല്ലാവരുടേയും ശരീരം വ്യത്യസ്തമാണ്. അതുകൊണ്ട് വ്യക്തിഗതമായി തന്നെ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടി വരും," കപില്‍ ദേവ് വ്യക്താക്കി.
1983-ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലോകകിരീടം നേടിയപ്പോള്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസായിരുന്നു ഫൈനലിലെ എതിരാളികള്‍. എന്നാല്‍ ഇത്തവണ ലോകകപ്പിന് യോഗ്യത നേടാന്‍ വെസ്റ്റ് ഇന്‍ഡീസിനായില്ല. ഇതിന്റെ നിരാശയും കപില്‍ പങ്കുവച്ചു.
"വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് കളിക്കുന്നില്ല എന്നത് വിഷമകരമായ കാര്യമാണ്. വെസ്റ്റ് ഇന്‍ഡീസില്ലാത്ത ഒരു ഏകദിന ടൂര്‍ണമെന്റെന്നത് സങ്കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം നിരവധി മികച്ച താരങ്ങളെ സംഭാവന ചെയ്ത ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. അവര്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ," കപില്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us