ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടിക ഫോബ്‌സ് പ്രസിദ്ധീകരിച്ചു. ടെന്നീസ് താരം റോജർ ഫെഡററാണ് പട്ടികയിൽ ഒന്നാമത്. അർജന്റീനിയൻ ഫുട്ബോൾ സൂപ്പർ താരം ലയണൽ മെസ്സിയെ മറികടന്നാണ് ഫെഡറർ ഈ തവണത്തെ ലിസ്റ്റിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം പട്ടികയിൽ അഞ്ചാമതായിരുന്നു ഫെഡറർ.

കഴിഞ്ഞ വർഷം ലിസ്റ്റിൽ ഒന്നാമതായിരുന്ന മെസ്സി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പോർച്ചുഗീസ് ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷവും പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു റൊണോ. കഴിഞ്ഞ തവണ പട്ടികയിൽ മൂന്നാമതായിരുന്ന ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ഇത്തവണ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Read More: “അടച്ചിട്ട സ്റ്റേഡിയത്തിലെ മത്സരങ്ങൾ എനിക്ക് ബുദ്ധിമുട്ടായിരിക്കും”- റോജർ ഫെഡറർ

ഈ വർഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 100 കായിക താരങ്ങളുടെ പട്ടിക വെള്ളിയാഴ്ചയാണ് ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ചത്. ഇന്ത്യയിൽ നിന്ന് വിരാട് കോഹ്ലി മാത്രമാണ് പട്ടികയിൽ ഇടം നേടിയത്. പട്ടികയിൽ അറുപത്താറാം സ്ഥാനത്താണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ. ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ക്രിക്കറ്റ് താരം കോഹ്ലിയാണെന്നും ഫോബ്സ് പട്ടിക വ്യക്തമാക്കുന്നു.

യുഎസ് ബാസ്കറ്റ്ബോൾ താരങ്ങളായ ലിബ്രോൺ ജെയിംസ്, സ്റ്റീഫൻ കറി, കെവിൻ ഡുറാന്റ് എന്നിവരാണ് അഞ്ച് മുതൽ ഏഴു വരെ സ്ഥാനങ്ങളിൽ. യുഎസ് ഗോൾഫ് താരം ടൈഗർ വുഡ്‌സാണ് എട്ടാമത്. യുഎസിൽ നിന്നുള്ള അമേരിക്കൻ ഫുട്ബോൾ താരങ്ങളായ കിർക് കസിൻസ് ഒൻപതാമതും, കാർസൻ വെന്റ്സ് എന്നിവരാണ് ഒൻപത് പത്ത് സ്ഥാനങ്ങളിൽ.

10.63 കോടി യുഎസ് ഡോളറാണ് സ്വിസ് താരമായ ഫെഡററുടെ വരുമാനമെന്ന് ഫോബ്സ് പട്ടികയിൽ പറയുന്നു. കഴിഞ്ഞ വർഷം ഇത് 9.34 കോടിയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരുമാനം 10.9 കോടിയിൽ നിന്ന് ഇത്തവണ 10.54 കോടിയായും മെസ്സിയുടെ വരുമാനം 12.7 കോടിയിൽ നിന്ന് 10.4 കോടിയായും ഇത്തവണ കുറഞ്ഞു. നെയ്മറുടെ വരുമാനം 10.5 കോടി ഡോളറിൽനിന്ന് 9.55 കോടി ഡോളറായും കുറഞ്ഞു.

Read More: രോഹിത് ധോണിയെപ്പോലെ, കോഹ്ലിയിൽ നിന്ന് തീർത്തും വ്യത്യസ്തൻ: സുരേഷ് റെയ്‌ന

കോവിഡ്-19 രോഗബാധയെത്തുടർന്ന് മത്സരങ്ങൾ നിർത്തിവച്ചതാണ് മെസ്സിയും റോണോയും അടക്കമുള്ള താരങ്ങളുടെ വരുമാനത്തിൽ ഇടിവ് വരാൻ കാരണം. ഫുട്ബോളിന് പുറമേ ക്രിക്കറ്റ് അടക്കമുള്ള മറ്റ് കായിക ഇനങ്ങളുെട ഈ വർഷത്തെ കോവിഡ് വ്യാപനം കാര്യമായി ബാധിച്ചിട്ടുണ്ട്.

 • ബ്രിട്ടിഷ് ബോക്സറായ ടൈസൺ ഫെറിയാണ് ഇത്തവണത്തെ ഫോബ്‌സ് പട്ടികയിൽ പതിനൊന്നാമത്. 5.7 കോടിയാണ് വരുമാനം.
 • ഫോർമുല വൺ റേസറായ ലൂയിസ് ഹാമിൽട്ടൺ 5.4 കോടി ഡോളർ വരുമാനവുമായി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ്.
 • പുരുഷ ടെന്നീസ് ഒന്നാം സീഡായ സെർബിയൻ താരം നൊവാക് ജോകോവിച്ച് പട്ടികയിൽ 23ാമതാണ്. 4.46 കോടി ഡോളറാണ് വരുമാനം. 27ാമതാണ് രണ്ടാം സീഡായ റാഫേൽ നദാൽ. നാല് കോടി ഡോളറാണ് വരുമാനം.
 • നവോമി ഒസാക്കയാണ് ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന വനിതാ താരം. 3.74 കോടി ഡോളറാണ് ജപ്പാനിൽ നിന്നുള്ള ടെന്നീസ് താരത്തിന്റെ വരുമാനം.
 • യുഎസ് ടെന്നീസ് താരം സെറീന വില്യംസ് പട്ടികയിൽ 36ാമതാണ്. 3.6 കോടി വരുമാനമുള്ള സെറീന വില്യംസാണ് പട്ടികയിൽ വനിതാ താരങ്ങളിൽ രണ്ടാം സ്ഥാനത്ത്.
 • ഫുട് ബോൾ താരം മുഹമ്മദ് സലാഹ് ആണ് പട്ടികയിൽ 34ാം സ്ഥാനത്ത്. റൊണാൾഡോ, മെസ്സി, നെയ്മർ എന്നിവർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനമുള്ള സോക്കർ താരമാണ് സലാഹ് എന്ന് ഫോബ്സ് പട്ടിക വ്യക്തമാക്കുന്നു. 3.51 കോടി ഡോളറാണ് വരുമാനം.
 • കൈലിയൻ എംബാപെയാണ് വരുമാനത്തിൽ സലാഹിന് തൊട്ടു പിറകിലുള്ള ഫുട്ബോളർ. 3.38 കോടി ഡോളറാണ് പട്ടികയിൽ 36ാമതുള്ള എംബാപ്പെയുടെ വരുമാനം.
 • ജാപ്പനീസ് താരം കെയ് നിഷികോരിയാണ് വരുമാനത്തിന്റെ കാര്യത്തിൽ പുരുഷ ടെന്നീസിൽ ഫെഡറർ, ജോകോവിച്ച്, നദാൽ, എന്നിവർക്ക് പിറകിൽ നാലാമത്. ഫോബ്സ് പട്ടികയിൽ നാൽപതാം സ്ഥാനക്കാരനായ നിഷികോരിക്ക് 3.21 കോടിയാണ് വരുമാനം.

Read More: “ഞാൻ അവരോട് പറഞ്ഞു, നിങ്ങളെ ഒരു മാതൃകയായി കാണാൻ; ജീവിതം ചെറുതാണ്, ഫുട്ബോൾ കളിക്കുന്ന സമയവും ചെറുതാണ്”-ഐഎം വിജയൻ സുനിൽ ഛേത്രിയോട്

 • സ്പാനിഷ് ഫുട്ബോൾ താരം ആന്ദ്രെ ഇനിയെസ്റ്റ പട്ടികയിൽ നാൽപത്താറാം സ്ഥാനത്താണ്. 2.96 കോടിയാണ് വരുമാനം.
 • ജർമൻ താരം മെസ്യൂട്ട് ഓസിൽ 2.87 കോടി ഡോളർ വരുമാനവുമായി പട്ടികയിൽ നാൽപത്തൊമ്പതും ഫ്രഞ്ച് താരം പോൾ പോഗ്ബ 2.85 കോടി ഡോളറുമായി അൻപതാമതുമാണ്.
 • ബാഴ്സലോണ ഫോർവാഡ് അന്റോയ്ൻ ഗ്രീസ്മെനാണ് പട്ടികയിൽ അറുപതാം സ്ഥാനത്ത്. 2.67 കോടി ഡോളറാണ് ഫ്രഞ്ച് ഫുട്ബോളറുടെ വരുമാനം. ബ്രസീലിയൻ ഫുട്ബോളർ ഓസ്കർ 27.5 കോടി ഡോളർ വരുമാനത്തോടെ 56ാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്.
 • സ്പാനിഷ് താരം ഡേവിഡ് ഡിഗയാണ് 2.57 കോടി ഡോളർ വരുമാനവുമായി പട്ടികയിൽ 67ാം സ്ഥാനത്ത്. ചിലിയൻ താരം അലെക്സിസ് സാഞ്ചസാണ് 69ാം സ്ഥാനത്ത്. 2.56 കോടിയാണ് താരത്തിന്റെ വരുമാനം.
 • റയൽ മാഡ്രിഡിന്റെ ഗരേത് ബെയ്ൽ ആണ് പട്ടികയിൽ 73ാം സ്ഥാനത്ത്. 2.52 കോടി ഡോളറാണ് വെയിൽസ് ഫുട്ബോളറുടെ വരുമാനം.
 • സ്പാനിഷ് ഫുട്ബോൾ താരം സെർജിയോ റാമോസ് ആണ് പട്ടികയിൽ നൂറാം സ്ഥാനത്ത്. 2.18 കോടിയാണ് വരുമാനം.
 • വിരാട് കോഹ്ലിയാണ് പട്ടികയിൽ ഇടം പിടിച്ച ഏക ക്രിക്കറ്റ് താരം.
 • നവോമി ഒസാകയും സെറീന വില്യംസും മാത്രമാണ് പട്ടികയിൽ ഇടം പിടിച്ച വനിതാ താരങ്ങൾ
 • യുഎസിലെ എൻബിഎ, സൂപ്പർ ബൗൾ താരങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചവരിൽ ഭൂരിപക്ഷവും.
 • ആദ്യ പത്തിൽ, ഫെഡറർ, റൊണാൾഡോ, മെസ്സി, നെയ്മർ, ടൈഗർവുഡ്സ് എന്നിവരൊഴികെയുള്ള അഞ്ച് പേരും യുഎസിലെ എൻബിഎ ബാസ്കറ്റ് ബോൾ ലീഗിലോ, സൂപ്പർ ബൗൾ ഫുട്ബോൾ മത്സരങ്ങളിലോ പങ്കെടുക്കുന്നവരാണ്.
 • 35 ബാസ്കറ്റ് ബോൾ താരങ്ങളും, 31 അമേരിക്കൻ ഫുട്ബോൾ താരങ്ങളും പട്ടികയിൽ ഇടം പിടിച്ചു.
 • 14 ഫുട്ബോൾ താരങ്ങളും ആറ് ടെന്നീസ് താരങ്ങളും പട്ടികയിൽ ഇടം നേടി.

Read More: Roger Federer replaces Lionel Messi as the world’s highest-paid athlete

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook