ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 6,000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി സ്വന്തം പേരിൽ കുറിച്ചിരുന്നു. സതാംപ്ടണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.

റെക്കോർഡ് സ്വന്തമാക്കി സതാംപ്ടണിലെ ഹോട്ടലിൽ മടങ്ങിയെത്തിയ കോഹ്‌ലിയെ കാത്തിരുന്നതൊരു സർപ്രൈസായിരുന്നു. കോഹ്‌ലിയുടെ നേട്ടത്തിന് സതാംപ്ടണിലെ ഹാർബർ ഹോട്ടൽ അംഗങ്ങൾ കേക്ക് സമ്മാനിച്ചാണ് ആഘോഷിച്ചത്. 6000 റൺസ് എന്നെഴുതി മനോഹരമായി അലങ്കരിച്ച കേക്കായിരുന്നു അത്. ഹോട്ടൽ അംഗങ്ങൾ നൽകിയ സമ്മാനത്തിന്റെ ചിത്രം കോഹ്‌ലി തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

119 ഇന്നിങ്‌സിലാണ് കോഹ്‌ലി 6000 റണ്‍സ് പൂര്‍ത്തിയാക്കിയത്. സാക്ഷാല്‍ സച്ചിനേക്കാളും വിവിയന്‍ റിച്ചാര്‍ഡ്‌സിനേക്കാളും വേഗത്തിലാണ് വിരാട് ഈ നാഴികക്കല്ല് മറി കടന്നത്. വിരാടിന് മുന്നിലുള്ളത് ഇതിഹാസ താരം സുനില്‍ ഗവാസ്‌കറാണ്. ഗവാസ്‌കര്‍ 117 ഇന്നിങ്‌സില്‍ നിന്നുമാണ് 6000 നേടിയത്. സച്ചിനും റിച്ചാര്‍ഡ്‌സും 120 ഇന്നിങ്‌സ് എടുത്തിട്ടാണ് 6000 റണ്‍സെടുത്തത്.

തന്റെ 70-ാം ടെസ്റ്റ് കളിക്കുന്ന വിരാട് ബൗണ്ടറിയിലൂടെയാണ് 6000 കടന്നത്. അതേസമയം, ഈ നാഴികക്കല്ല് പിന്നിട്ടതിന്റെ ലോക റെക്കോര്‍ഡ് ഇതിഹാസ താരം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ പേരിലാണ്. വെറും 68 ഇന്നിങ്‌സിലാണ് അദ്ദേഹം 6000 നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook