ഓഗസ്റ്റ് 15-ന് എം എസ് ധോണിക്ക് പിന്നാലെ സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ധോണിയും റെയ്‌നയും ചെന്നൈ സൂപ്പര്‍ കിങ്‌സിനു (സി എസ് കെ) വേണ്ടി യുഎഇയില്‍ സെപ്തംബര്‍ 19-ന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ക്കുവേണ്ടി തയ്യാറെടുക്കുകയാണ്.
ഒരു കളിക്കാരന്‍ എന്ന നിലയില്‍ തന്നെ വളരാന്‍ സഹായിച്ചത് സൂപ്പര്‍ കിങ്‌സും ധോണിയുമാണെന്ന് റെയ്‌ന ക്രിക്ബസ്സില്‍ ഹര്‍ഷ ഭോഗ്ലെ അവതരിപ്പിക്കുന്ന പരിപാടിയില്‍ പറഞ്ഞു. വളരെ പ്രൊഫഷണലായ സി എസ് കെ കളിക്കാരെ നല്ല രീതിയില്‍ നോക്കുന്നുവെന്ന് റെയ്‌ന പറഞ്ഞു.
2003-2004-ലെ സി എസ് കെയുടെ ക്യാമ്പിന്റെ തുടക്കം മുതല്‍ ധോണിയും താനും ഒരുമിച്ച് ഉണ്ടായിരുന്നതായി റെയ്‌ന പറഞ്ഞു. “ഞങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാം. കളിയേയും വ്യക്തിത്വത്തേയും മാറ്റാന്‍ ധോണിക്ക് കഴിയും. ദുഷ്‌കരമായ കാലങ്ങളില്‍ അദ്ദേഹം എന്നെ സഹായിച്ചു, എന്റെ കുടുംബത്തെ പിന്തുണച്ചു,” റെയ്‌ന പറഞ്ഞു.
Read Also: ടെസ്റ്റില്‍നിന്ന് വിരമിച്ച ദിവസം ധോണി കരഞ്ഞു; ജഴ്‌സി ഊരിയില്ല: ആര്‍ അശ്വിന്‍
ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും സെഞ്ച്വറി തികച്ച ആദ്യ ഇന്ത്യാക്കാരനാണ് റെയ്‌ന. തന്റെ ജീവിതത്തിന്റെ കഷ്ടകാലങ്ങളില്‍ ധോണി സഹായിച്ചുവെന്ന് റെയ്‌ന പറഞ്ഞു. “2007-ല്‍ ഞാനൊരു ശസ്ത്രക്രിയക്ക് വിധേയനായ കാലഘട്ടത്തില്‍ അദ്ദേഹം എന്നെ സഹായിച്ചു. ആ ഒന്നര വര്‍ഷം എന്നെ പരുക്കനായ മനുഷ്യനാക്കി. ആ കാലഘട്ടത്തില്‍ എനിക്ക് വഴി കാട്ടിയായത് ധോണിയാണ്,” അദ്ദേഹം പറഞ്ഞു.
സി എസ് കെയുടെ വൈസ് ക്യാപ്റ്റനായ സുരേഷ് റെയ്‌നയെ ആരാധകര്‍ ചിന്നത്തലയെന്നാണ് വിളിക്കുന്നത്. ക്യാപ്റ്റനായ ധോണി തലയും. തന്റെ ജീവിതത്തില്‍ എക്കാലവും സ്മരിക്കുന്ന ഒന്നാണ് അതെന്ന് റെയ്‌ന പറഞ്ഞു.
“അത് സ്‌നേഹവും അനുഗ്രഹവുമാണ്. ഷോലയിലെ ജയ്‌യും വീരും പോലെയാണ്. അവര്‍ ഞങ്ങളുടെ കളി ആസ്വദിക്കുന്നു. ഞങ്ങളെ സ്‌നേഹിക്കുന്നു,” ചെന്നൈ ആരാധകരില്‍ നിന്നും ലഭിക്കുന്ന സ്‌നേഹത്തെ കുറിച്ച് റെയ്‌ന പറഞ്ഞു.
Read Also: For CSK fans, Dhoni and I are like Jai and Viru of Sholay: Suresh Raina