ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ മികവിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തില്‍ ഇന്ത്യ വിജയം നുണഞ്ഞത്. കുല്‍ദീപ് യാദവിന്റേയും യുസ്‍വേന്ദ്ര ചാഹലിന്റേയും മികച്ച ബോളിങ് പ്രകടനവും ഇന്ത്യയ്ക്ക് തുണയായി. ദക്ഷിണാഫ്രിക്കയെ 269 എന്ന ഭേദപ്പെട്ട സ്കോറില്‍ ഒതുക്കാന്‍ സഹായകമായതും ഇരുവരുടേയും പ്രകടനമാണ്. രണ്ട് പേരും 20 ഓവര്‍ പന്തെറിഞ്ഞ് അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.

മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് മഹേന്ദ്ര സിങ് ധോണിക്കാണ് തന്റെ പ്രകടനത്തിന്റെ പാതി ക്രെഡിറ്റ് നല്‍കുന്നത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി കളിക്കുന്നത് കൊണ്ട് തന്നെ താന്‍ ആശയക്കുഴപ്പത്തിലായിരുന്നെന്ന് കുല്‍ദീപ് പറയുന്നു. നല്ല കാറ്റ് ഉണ്ടായിരുന്നത് കൊണ്ട് തന്നെ പന്ത് ദിശമാറി തെറിക്കുന്നുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ അവസരത്തില്‍ എന്ത് വ്യതിയാനം വരുത്തിയാണ് പന്ത് എറിയേണ്ടതെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ മാഹി ബായിയോട് ഞാന്‍ കാര്യം പറഞ്ഞു. സ്ഥിരമായി എറിയുന്നത് പോലെ പന്ത് എറിഞ്ഞ് തുടങ്ങാനായിരുന്നു അദ്ദേഹം ഉപദേശിച്ചത്. തുടര്‍ന്ന് വിക്കറ്റിന് പിന്നില്‍ നിന്ന് അദ്ദേഹം നിര്‍ദേശങ്ങള്‍ ഓരോന്നും തന്നു. അതുകൊണ്ട് തന്നെ കാര്യം എളുപ്പമായി’, കുല്‍ദീപ് പറഞ്ഞു.

‘രണ്ട് ഇതിഹാസങ്ങളില്‍ ഒരാള്‍ ടീമിനെ നയിക്കാനും ഒരാള്‍ ടീമിനെ നയിച്ചയാളും ഉളളപ്പോള്‍ അത് വളരെ സഹായകമാണ്. അനുഭവസമ്പത്ത് ഉളളത് കൊണ്ട് തന്നെ 50 ശതമാനം ജോലിയും ബോളര്‍ക്കായി ചെയ്യുന്നത് ധോണിയാണ്. ബാറ്റ്സ്മാനെ വളരെ പെട്ടെന്ന് അദ്ദേഹത്തിന് വായിക്കാന്‍ സാധിക്കുന്നുണ്ട്’, കുല്‍ദീപ് പറഞ്ഞു.

ഡൂ പ്ലെസിസിന്റേയും ക്രിസ് മോറിസിന്റേയും കൂട്ടുകെട്ട് കുല്‍ദീപ് തകര്‍ത്തതാണ് മൽസരത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായത്. ഡര്‍ബനില്‍ 119 പന്തിൽ 112 റൺസ് നേടി കോഹ്‌ലി പടനയിച്ചപ്പോൾ 86 പന്തിൽ 79 റണ്‍സുമായി അജിങ്ക്യ രഹാന നായകനു മികച്ച പിന്തുണ നൽകി. ഓപ്പണർമാരായ രോഹിത് ശർമ 20 റണ്‍സും ശിഖർ ധവാൻ 35 റണ്‍സും നേടി പുറത്തായി. ഹാർദിക് പാണ്ഡ്യ മൂന്ന് റൺസും എം.എസ്.ധോണി നാല് റൺസും നേടി പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നായകൻ ഡുപ്ലെസിയുടെ സെഞ്ചുറി കരുത്തിലാണ് 269 റണ്‍സ് നേടിയത്. 112 പ​ന്തി​ൽനിന്ന് 120 റ​ൺ​സാണ് ഡു​പ്ലെസി അടിച്ചു കൂട്ടിയത്. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കു​ൽ​ദീ​പ് യാ​ദ​വ് മൂ​ന്നും യു​സ്വേ​ന്ദ്ര ചാ​ഹ​ൽ ര​ണ്ടും ജ​സ്പ്രീ​ത് ബുമ്ര​യും ഭൂ​വ​നേ​ശ്വ​റും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook