മത്സരത്തിന്റെ അവസാന നിമിഷം വരെ എന്തും സംഭവിക്കാവുന്ന ഫുട്ബോളിൽ അവിശ്വസനീയമായ പല തിരിച്ചുവരവുകൾക്കും കാലം സാക്ഷിയായിട്ടുണ്ട്. എന്നാൽ 2005 ചാംപ്യൻസ് ലീഗിന്റെ കലാശ പോരാട്ടം ഫുട്ബോൾ ആരാധകർ അക്കൂട്ടത്തിൽ അത്രവേഗം മറക്കാൻ സാധ്യതയില്ലാത്തയൊന്നാണ്. ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനും ലിവർപൂളും ഏറ്റുമുട്ടിയ മത്സരത്തിൽ സംഭവിച്ചത് മഹാത്ഭുതം എന്ന് തന്നെയാണ് പലരും വിശ്വാസിക്കുന്നതും. മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ശേഷം സമനിലയും പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയവും കണ്ടെത്തിയാണ് അന്ന് റാഫ ബെനിറ്റസിന്റെ കുട്ടികൾ കിരീടമുയർത്തിയത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മിലാൻ നായകൻ പൗലോ മാൾഡിനിയുടെ ഗോളിൽ ലീഡ് കണ്ടെത്തിയ മിലാൻ ആദ്യ മിനിറ്റുകളിൽ തന്നെ ആധിപത്യം ഉറപ്പിച്ചു. അർജന്റീനിയൻ താരം ഹെർനൻ ക്രെസ്പോയുടെ വക ഇരട്ടഗോൾ മിലാനെ ബഹുദൂരം മുന്നിലാക്കി. ആദ്യ പകുതി അവസാനിക്കുമ്പോൾ മിലാൻ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിൽ.

എന്നാൽ രണ്ടാം പകുതിയിൽ കണ്ടത് ലിവർപൂളിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു. നായകൻ സ്റ്റീവൻ ജെറാഡ് 53-ാം മിനിറ്റിൽ നേടിയ ഗോളിൽ മത്സരത്തിൽ ആദ്യമായി ലിവർപൂൾ താരങ്ങളുടെ മുഖത്ത് ഒരു ചിരി വിടർന്നു. എന്നാൽ അതുകൊണ്ട് ഒന്നുമായില്ലെന്ന് നന്നായി അറിയാമായിരുന്ന ചെമ്പട തുടരെ തുടരെ മിലാൻ ഗോൾമുഖത്തേക്ക് ആക്രമണം അഴിച്ചുവിട്ടു. 56-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ വ്ലാഡിമർ ഷിറ്റ്സ്മറും 60-ാം മിനിറ്റിൽ സാവി അലൻസോയും ലിവർപൂളിനായി ഗോൾ നേടി.

Also Read: സാനിറ്റൈസര്‍ അകത്ത്, കാണികള്‍ പുറത്ത്; ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാന്‍ പുതിയ നിയമങ്ങള്‍

53 മിനിറ്റ് വരെ മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ലിവർപൂളിന് ഒപ്പം പിടിക്കാൻ വേണ്ടി വന്നത് വെറും ഏഴ് മിനിറ്റ്. വിജയ ഗോളിനായി ഇരു ടീമുകളും അവശേഷിച്ച 30 മിനിറ്റും നന്നായി വിയർപ്പൊഴുക്കിയെങ്കിലും ഫലമുണ്ടായില്ല. അധിക സമയത്തേക്ക് നീണ്ട മത്സരത്തിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. മിലാന്റെ മൂന്ന് ഗോൾ പുറത്തേക്ക് പോയപ്പോൾ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ലിവർപൂൾ നാലെണ്ണത്തിൽ മൂന്നും വലയിലെത്തിച്ച് കിരീടവും കൈപ്പിടിയിലാക്കി. ആ മത്സരത്തെ ഫുട്ബോൾ ആരാധകർ വിളിച്ച പേരാണ് ഇസ്താംബുൾ മിറാക്കിൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook