സൂറിച്ച്: ഫിഫ റാങ്കിങ്ങിൽ കുതിപ്പ് തുടർന്ന് ഇന്ത്യൻ ടീം. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിങ്ങ് പട്ടികയിൽ ഇന്ത്യ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി നൂറാം സ്ഥാനത്ത് എത്തി. ഏപ്രിലിൽ​ പുറത്ത് വന്ന റാങ്കിങ്ങിൽ ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. 21 വർഷത്തിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ഉയർന്ന റാങ്കിങ്ങാണ് ഇത്. 1996 ലാണ് ഇതിന് മുൻപ് ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച സ്ഥാനമായ 94-ാം സ്ഥാനത്ത് എത്തിയത്.

ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു നേട്ടമാണ് ഇത്. ഇംഗ്ലീഷ് പ്രിമിയർ ലീഗ് ഉൾപ്പടെയുള്ള പ്രമുഖ ലീഗുകളിൽ ഇനി ഇന്ത്യൻ താരങ്ങൾക്കും കളിക്കാനാകും. ഫിഫ റാങ്കിൽ​ ആദ്യ 100 സ്ഥാനങ്ങളിലെ രാജ്യങ്ങളിലുള്ള താരങ്ങൾക്ക് മാത്രമേ ഈ ലീഗിൽ കളിക്കാനാകു.

മാര്‍ച്ച് അവസാനം ഇന്ത്യയ്ക്ക് പുറത്ത് നേടിയ രണ്ടു വിജയങ്ങളാണ് ഇന്ത്യയുടെ ഈ കുതിപ്പിന് പ്രധാന കാരണമായത്. കംബോഡിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ നേടിയ 3-2ന്റെ ജയവും ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്മാറിനെ അവരുടെ രാജ്യത്ത് വച്ച് തോല്‍പ്പിച്ചതും ഇന്ത്യയ്ക്ക് നേട്ടമായി.

കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റയിനിന്‍റെ കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ജൂണില്‍ ലെബനനോടു നടക്കുന്ന സൗഹൃദ മത്സരവും കിര്‍ഗിസ് റിപബ്ലിക്കിനോട് നടക്കുന്ന എഎഫ്സി കപ്പ്‌ യോഗ്യത റൗണ്ട് മത്സരവും വിജയിക്കുകയാണ് എങ്കില്‍ ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ രണ്ടക്കത്തിലേക്ക് എത്തും. ഇന്ത്യ റാങ്കിങ്ങില്‍ രണ്ടക്കം കാണാന്‍ അധികം കാലമെടുക്കില്ല എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാംപും ഫുട്ബോള്‍ ആരാധകരും. 20 വർഷം മുമ്പ് 1996ൽ ഇന്ത്യ നിന്നിരുന്ന 94-ാം സ്ഥാനമെങ്കിലും തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പുതുജീവൻവെയ്ക്കുന്ന ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയാണ് ഇത് കാണിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ