പാരിസ്: എതിര്‍ താരത്തെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച ഫുട്ബോള്‍ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്റ് എലോയ് താരം അക്സലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബറോക് താരം സ്ലിമൈനിനെയാണ് അക്സല്‍ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചത്.

സ്ലിമൈന്‍ ഫൗള്‍ ചെയ്തതിനെ കളിക്കളത്തില്‍ ചോദ്യം ചെയ്ത അക്സലിന് റഫറി ചുവപ്പു കാര്‍ഡ് കാണിച്ച് പുറത്തേക്ക് അയച്ചതിന് പിന്നാലെയാണ് മൈതാനത്ത് നാടകീയമായ സംഭവം നടന്നത്. പുറത്തേക്ക് പോയ 27കാരനായ താരം കൈത്തോക്കുമായാണ് തിരികെ വന്നത്. തുടര്‍ന്ന് ബറോക് താരത്തിന്റെ നെറ്റിയിലേക്ക് തോക്കു ചൂണ്ടി ട്രിഗറ്‍ വലിക്കാന്‍ കാത്തു നിന്നു. എന്നാല്‍ സഹതാരങ്ങള്‍ ഇടപെട്ട് അക്സലിനെ പിടിച്ചു മാറ്റുകയായിരുന്നു. ഇരുവരും തമ്മില്‍ മുമ്പ് പ്രശ്നങ്ങളൊന്നും ഇല്ലെന്നും താരത്തെ ഇത്രമേല്‍ പ്രകോപിപ്പിച്ചതിന്റെ കാരണം അറിയില്ലെന്നും സെന്റ് ഐലോയ് മാനേജര്‍ പറഞ്ഞു.

തുടര്‍ന്ന് അക്സലിനെ മൈതാനത്തിന് പുറത്തെത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പൊലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ ഫുട്ബോള്‍ താരത്തിന് നാല് മാസം ശിക്ഷ വിധിച്ചു. അതേസമയം ആയുധം നല്‍കിയ കുറ്റത്തിന് അക്സലിന്റെ സഹോദരന്‍ ഹെന്‍‍റിക്ക് മൂന്ന് മാസം തടവും ലഭിച്ചു. എന്നാല്‍ സംഭവത്തില്‍ മറ്റൊരു വിശദീകരണമാണ് സഹോദരങ്ങള്‍ നല്‍കിയതെന്ന് ഫ്രാന്‍സ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താന്‍ ചൂണ്ടിയത് തോക്ക് അല്ലെന്നും ഇരുമ്പ് കമ്പി മാത്രമായിരുന്നു എന്നുമാണ് അക്സല്‍ കോടതിയില്‍ പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രാദേശിക ഫുട്ബോള്‍ അധികാരികള്‍ അറിയിച്ചു. തുടര്‍ന്ന് ഫുട്ബോള്‍ മൈതാനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാനും ധാരണയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook