scorecardresearch
Latest News

ഹൃദ്രോഗത്തോട് പൊരുതി എഫ്‌സി ഗോവയിലെത്തിയ അൻവർ അലി

2017 ലെ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് അൻവർ അലി

2019 ൽ അൻവർ അലിക്ക് ഫുട്‍ബോൾ കളിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. മൂന്ന് വർഷങ്ങൾക്ക് ഇപ്പുറം അപൂർവ ഹൃദ്രോഗത്തോട് പൊരുതി വീണ്ടും മൈതാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ല, നിരവധി പരിശോധനകൾ നടത്തി, ഇന്ത്യയിലും വിദേശത്തുമുള്ള ഡോക്ടർമാരെ കണ്ട്, വിവിധ സമിതികൾക്ക് അപേക്ഷകൾ നൽകി, അവസാനം, തനിക്ക് മൈതാനത്ത് വച്ച് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാകുമെന്ന് ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടായിരുന്നു ആ വരവ്.

“അതൊരു യുദ്ധത്തിന് സമാനമായിരുന്നു, വേണമെങ്കിൽ ഒരു നെറ്റ്ഫ്ലിക്സ് സീരീസാക്കാം” എന്നാണ് അലിയുടെ പോരാട്ടത്തെ കുറിച്ച് മെന്ററായ രഞ്ജിത് ബജാജ് പറയുന്നത്.

‘തലമുറയിൽ ഒരിക്കൽ മാത്രമുണ്ടാകുന്ന താരം’ എന്ന് ബജാജ് വിശേഷിപ്പിക്കുന്ന ഈ 21-കാരന്, ഞായറാഴ്ച കളിക്കാൻ ആയില്ല. എങ്കിലും ഔദ്യോഗികമായി ടീമിലെത്തി അടുത്ത ദിവസം തന്നെ കേരള ബ്ലാസ്റ്റേഴ്സിന് എതിരെ നടന്ന മത്സരത്തിൽ ബഞ്ചിൽ ഇടം നേടാനായി. മത്സരം 2-2ന് സമനിലയിലാണ് അവസാനിച്ചത്.

അൻവർ അലി കളിക്കളത്തിലേക്ക് തിരിച്ചുവരുന്നതിന് അധികം നാൾ വേണ്ടിവരില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. എന്നാൽ ആഭ്യന്തര മത്സരങ്ങൾ പോലും കളിക്കാൻ കഴിയാതിരുന്ന അലിയെ സംബന്ധിച്ച് ഇത് തനിക്ക് കഴിയുമെന്ന് തെളിയിക്കുന്നതിനുള്ള അവസരമാണ്. “എന്റെ ജീവിതത്തിന്റെ മോശം കാലഘട്ടം കഴിഞ്ഞു എന്നതിൽ ഞാൻ സന്തോഷവാനാണ്. ഇത് എന്റെ ജീവിതത്തിന്റെ പുതിയ അധ്യായമാണ്.” അലി ഗോവ ടീമിന്റെ വെബ്‌സൈറ്റിൽ പറഞ്ഞു.

വളരെ ചെറിയ കുടുംബത്തിൽ നിന്നും വരുന്ന അലി ആറ് പേരടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ്. രാജ്യത്തെ മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന അലി, 2017 ലെ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ്. അദ്ദേഹം സാങ്കേതികമായി ശക്തനും പിന്നിൽ നിന്ന് പന്ത് പാസ് ചെയ്യാനും ഗോളുകൾ നേടാനും കഴിയുന്ന സെന്റർ ബാക്കാണ്.

2018ൽ ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റിയിൽ എത്തുമ്പോൾ, പലതും നേടാനുറച്ചായിരുന്നു അലിയുടെ വരവ്. എന്നാൽ മുംബൈയിൽ നടന്നൊരു വൈദ്യ പരിശോധനയിൽ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്നൊരു ഹൃദയസംബന്ധമായ അസുഖം കണ്ടെത്തുകയായിരുന്നു. കാരണങ്ങൾ ഒന്നുമില്ലാതെ ഹൃദയത്തിന്റെ ഒരു ഭാഗം കട്ടിയായി മാറുന്ന അവസ്ഥയാണിത്.

അലിയെ ചികിത്സയ്ക്കായി റെന്നസിലേക്കും ഫ്രാൻസിലേക്കും അയക്കുകയും മുംബൈയിലെ മുതിർന്ന ഹൃദ്രോഗ വിദഗ്‌ധരെ കാണിക്കുകയും ചെയ്തിരുന്നു. അലി തുടർന്ന് കളിക്കുകയാണെങ്കിൽ അത് അയാളുടെ ജീവിതത്തെ തന്നെ അപകടത്തിലാക്കും എന്ന അഭിപ്രായമാണ് ഇവരെല്ലാം പറഞ്ഞത് എന്നാണ് ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പറയുന്നത്. അതുകൊണ്ട് തന്നെ അലി കളിക്കുന്നത് തടയണമെന്ന് എഐഎഫ്എഫിലെ മെഡിക്കൽ ടീമും ഫുട്‍ബോൾ കോൺഫെഡറേഷനും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

അങ്ങനെ തന്റെ സ്വപ്‌നങ്ങൾ തകർന്ന അലി ഡൽഹി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. അതേസമയം ബജാജ്, വിദേശത്തുള്ള വിദഗ്തരെ സമീപിക്കാൻ ശ്രമിക്കുകയായിരുന്നു. “സോഷ്യൽ മീഡിയ ആയിരുന്നു രക്ഷകൻ” മിനർവാ ഫുട്‍ബോൾ അക്കാദമിയുടെ ഉടമ കൂടിയായ ബജാജ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ഗൾഫിൽ നിന്നൊരാൾ എന്നെ വിളിച്ചു, ഡോ. സഞ്ജയ് ശർമയുമായി കോൺടാക്ട് ഉണ്ടെന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തെ കുറിച്ചു അന്വേഷിച്ചു, ഈ കാര്യത്തിൽ അദ്ദേഹം വിദഗ്ധനാണെന്ന് മനസിലായി.” ബജാജ് പറഞ്ഞു.

യുകെയിലെ പ്രമുഖ സ്‌പോർട്‌സ് കാർഡിയോളജിസ്റ്റാണ് ശർമ്മ, യൂറോ 2020ലെ മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ച ഡെന്മാർക്കിന്റെ ക്രിസ്റ്റ്യൻ എറിക്‌സൻ ഉൾപ്പെടെ ലോകത്തെ മുൻനിര ഫുട്‌ബോൾ താരങ്ങളിൽ ചിലരെ ചികിത്സിച്ചിട്ടുണ്ട്. അദ്ദേഹം അലിക്ക് കളിക്കാമെന്ന് പച്ചക്കൊടി കാണിക്കുകയായായിരുന്നു.

ക്രിസ്റ്റ്യൻ എറിക്‌സന് കളിക്കാൻ പാടില്ലെന്ന് പറഞ്ഞ ശർമ്മ അൻവറിന് കളിക്കാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിട്ടപ്പോഴാണ് അലിക്കായി ഏതറ്റവും വരെ പോകണമെന്ന് താൻ തീരുമാനിച്ചതെന്ന് ബജാജ് പറഞ്ഞു.

ഒരു വർഷം കളിക്കളത്തിൽ നിന്ന് മാറിനിന്നതിന് ശേഷം എഐഎഫ്എഫിന്റെ മെഡിക്കൽ കമ്മിറ്റി തീരുമാനത്തിലെത്തുന്നത് വരെ കളിക്കാൻ അലിയെ ഡൽഹി ഹൈക്കോടതി അനുവദിച്ചു. അങ്ങനെ ഉത്തരാഖണ്ഡ്, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലെ പ്രാദേശിക ലീഗുകളിലെ ലോവർ ഡിവിഷനുകളിൽ അലി കളിച്ചു. ഒടുവിൽ, കഴിഞ്ഞ ഓഗസ്റ്റിൽ എഐഎഫ്എഫ് അദ്ദേഹത്തെ മെഡിക്കൽ മേൽനോട്ടത്തിൽ തിരികെയെത്താൻ അനുവദിച്ചു.

അങ്ങനെ അത് എഫ്‌സി ഗോവയിലേക്കുള്ള വഴി തുറന്നു. പ്രാദേശിക മത്സരങ്ങളിൽ അലിയുടെ പ്രകടനം കണ്ടാണ് ഗോവ ടീമിലെടുത്തത്. “അവന് 21 വയസേയുള്ളൂ. മനോഹരമായ ഭാവി അവനു മുന്നിലുണ്ട്. മത്സരത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ അവനു കഴിയും. വരും വർഷങ്ങളിൽ അവൻ എഫ്സി ഗോവയിലും ഇന്ത്യൻ ഫുട്‍ബോളിലും പ്രധാന പ്രധാന പങ്ക് വഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” എഫ്‌സി ഗോവ ഫുട്‌ബോൾ ഡയറക്ടർ രവി പുസ്‌കൂർ ക്ലബ്ബിന്റെ വെബ്‌സൈറ്റിൽ പറഞ്ഞു.

ഇതിന്റെ ഭാഗമായി അൻവർ അലി തനിക്ക് മൈതാനത്ത് വച്ചു എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന തരത്തിൽ എഐഎഫ്‌എഫിനും ഐഎസ്എൽ സംഘാടകർക്കും ക്ലബ്ബിനും ഒരു സത്യവാങ്മൂലം സമർപ്പിച്ചു. അതുകൂടാതെ മുൻകരുതൽ എന്ന നിലയിൽ, ക്ലബ് അധിക ഡീഫിബ്രിലേറ്ററുകൾ ഉൾപ്പെടുത്തുകയും, സ്റ്റാഫിലെ കൂടുതൽ പേരെ സിപിആർ നൽകുന്നത് ഉൾപ്പെടെ പഠിപ്പിക്കുകയും ചെയ്തു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Footballer anwar ali heart condition fc goa

Best of Express