ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കരുത്തരായ ആഴ്സണലിന്റെ കലികാലം തീരുന്നില്ല. ഇന്ന് നടന്ന മത്സരത്തിൽ ആഴ്സണലിനെ 1 എതിരെ 3 ഗോളുകൾക്ക് വെസ്റ്റ്ബ്രോം ആണ് അട്ടിമറിച്ചത്. ചാമ്പ്യൻസ് ലീഗിൽ ബയണിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് ആഴ്സണലിന്റെ ഈ തോൽവി. തുടർച്ചയായ തോൽവികളെ തുടർന്ന് പരിശീലകനായ ആഴ്സൻ വെങ്ങറെ പുറത്താക്കണമെന്ന നിലപാടിലാണ് ആഴ്സണലിന്രെ ആരാധകർ.

വെസ്റ്റ്ബ്രോംമിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ 12 ആം മിനുറ്റിൽ തന്നെ ആഴ്സണൽ വലയിൽ പന്തെത്തി. നാസർ ചാഡ്‌ലിയുടെ ക്രോസിൽ തലവെച്ച് ഗ്രെയ്ഗ് ഡോസനാണ് ആഴ്സണലിന്റെ വലകുലുക്കിയത്. എന്നാൽ മിനുറ്റുകൾക്കകം ആഴ്സണൽ സൂപ്പർ താരം അലക്സിസ് സാഞ്ചസിലൂടെ ഗോൾ മടക്കി. എന്നാൽ രണ്ടാം പകുതിയിൽ വെസ്റ്റ്ബ്രോം കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. എണ്ണം പറഞ്ഞൊരു ഫിനിഷിലൂടെ മുന്നേറ്റ നിരക്കാരൻ റോബ്സൻ കാനു ആഴ്സണലിന് രണ്ടാം പ്രഹരവും ഏൽപ്പിച്ചു. 75 മിനുറ്റിൽ ഗ്രെയിഗ് ഡോസൻ തകർപ്പൻ ഒരു ഹെഡ്ഡറിലൂടെ ആഴ്സണലിന്റെ ഗോൾവലകുലുക്കി. 3-1 എന്ന ലീഡ് നേടിയതോടെ ആഴ്സണൽ തോൽവി സമ്മതിക്കുകയായിരുന്നു.

27 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുള്ള ആഴ്സണൽ ലീഗിൽ അഞ്ചാം സ്ഥാനത്താണ്. 69 പോയിന്റുള്ള ചെൽസിയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ