റിയോ ഡി ജെനീറോ: സൂപ്പര്‍ താരം നെയ്മര്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പാരീസിലെ ഹോട്ടലില്‍ വെച്ച് നെയ്മര്‍ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നതെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിഎസ്ജി താരം പീഡിപ്പിച്ചെന്ന് ആരോപിച്ച് സാവോപോളോ പൊലീസിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ‘അതിക്രമം നടത്തി യുവതിയുടെ സമ്മതമില്ലാതെ ലൈഗികമായി ഉപദ്രവിച്ചു’ എന്നാണ് വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം പരാതിയുടെ പകര്‍പ്പ് പൊലീസ് പുറത്ത് വിടാന്‍ തയ്യാറായില്ല. ഉളളടക്കം രഹസ്യമാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ബ്രസീല്‍ സ്വദേശിനിയായ യുവതി നെയ്മറിനെ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പറയുന്നു. സന്ദേശം അയച്ചതിന് ശേഷം കുറച്ച് നാളുകള്‍ കഴിഞ്ഞ് തന്നെ പാരീസിലെ ഹോട്ടലില്‍ വന്ന് കാണാന്‍ നെയ്മര്‍ ആവശ്യപ്പെട്ടെന്നാണ് യുവതി പറയുന്നത്. മദ്യപിച്ചാണ് നെയ്മര്‍ എത്തിയതെന്നും വന്നയുടനെ ആലിംഗനം ചെയ്തതായും യുവതി പറയുന്നു. പിന്നീട് ബലം പ്രയോഗിച്ച് തന്റെ സമ്മതമില്ലാതെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
Read More: റൊണാള്‍ഡോയ്ക്ക് ‘ഇന്‍ജുറി’ ടൈം; മൂന്ന് യുവതികള്‍ കൂടി ലൈംഗികാരോപണവുമായി രംഗത്ത്
അതേസമയം യുവതിയുടെ ആരോപണം നെയ്മറിന്റെ പിതാവും ഏജന്റുമായ നെയ്മര്‍ സാന്റോസ് നിഷേധിച്ചു. ‘അത് സത്യമല്ല. അവന്‍ ഒരിക്കലും കുറ്റം ചെയ്തിട്ടില്ല. ബ്ലാക്ക്മെയില്‍ ചെയ്യാനാണ് യുവതിയുടെ ശ്രമം. ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്. അത് അഭിഭാഷകര്‍ക്ക് കൈമാറിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഇരുവരും ഡേറ്റിങ്ങിനാണ് പോയതെന്നും അന്ന് കഴിഞ്ഞതിന് ശേഷം രണ്ട് പേരും പിരിഞ്ഞതായും സാന്റോസ് പറഞ്ഞു. അതിന് ശേഷം യുവതി നെയമറില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചെന്നും നടക്കാതെ വന്നപ്പോഴാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എന്റെ മകന്റെ മേല്‍ എന്ത് കുറ്റാരോപണം വേണമെങ്കിലും നടത്താം. പക്ഷെ എന്റെ മകന്‍ എങ്ങനെ ഉളള ആളാണെന്ന് എനിക്ക് അറിയാം. ഇതൊരു കെണിയാണെന്ന് വളരെ കൃത്യമായി മനസ്സിലാകും,’ സാന്റോസ് പറഞ്ഞു.
മെയ് 15 മുതല്‍ 17 വരെയാണ് പരാതിക്കാരി പാരീസില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മാനസികമായി തളര്!ന്നത് കാരണം കഴിഞ്ഞ വെളളിയാഴ്ച്ച മാത്രമാണ് പരാതിപ്പെട്ടതെന്നാണ് പറയുന്നത്.