”എന്റെ പ്രസ്താവനയില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. വൈറ്റ് ഹൗസിലേക്കില്ല”, വനിതാ ലോകകപ്പിലെ യുഎസ്എയുടെ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ മേഗന്‍ റാപിനോയ് തന്റെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കി. ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല മേഗന്റെ വാക്കുകള്‍. ടീമിന്റെ സൂപ്പര്‍ താരവും കോ-ക്യാപ്റ്റനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ മേഗനില്‍ നിന്നും പ്രതീക്ഷിച്ച വാക്കുകള്‍ തന്നെയായിരുന്നു അത്.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മേഗന്റെ നിലപാടിന്റെ ഒരിഞ്ചു പോലും ഇളക്കാന്‍ സാധിച്ചില്ല. തന്റെ കാഴ്ചപ്പാടുകളില്‍ ഇത്ര തെളിമയുള്ള വ്യക്തതയുള്ളൊരു അത്‌ലറ്റിനെ സമീപകാലത്തൊന്നും അത്രയധികം കണ്ടെത്താനാകില്ലെന്ന് ഉറപ്പിച്ചു പറയാം. വെട്ടിയൊതുക്കി കളര്‍ ചെയ്ത ആ മുടി പോലെ, ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തയായി മാറുകയാണ് മേഗന്‍. ഇതിനും മുമ്പും തന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ മേഗന്‍ യാതൊരു മടിയും കാണിച്ചിട്ടില്ല.

‘വാക്കിങ് പ്രെട്ടെസ്റ്റ് (Walking Protest)’ മേഗന്‍ സ്വയം വിശേഷിപ്പിക്കുന്നത് തന്നെ അങ്ങനെയാണ്. അതില്‍ പരം മേഗനെ നിര്‍വചിക്കാന്‍ മറ്റൊരു വാക്കില്ല. മേഗനെ തിരിച്ചറിയാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈകിയെന്നതാണ് വാസ്തവം. പക്ഷെ ട്രംപിനെതിരെ ഇതാദ്യമായല്ല മേഗന്‍ തന്റെ ശബ്ദമുയര്‍ത്തുന്നത്. ‘സ്ത്രീവിരുദ്ധന്‍, വംശവെറിയന്‍’ തുടങ്ങിയ വാക്കുകളാണ് ട്രംപിന് മേഗന്‍ നല്‍കുന്ന പര്യായപദങ്ങള്‍.

ഇപ്പോഴത്തെ വിവാദം തുടങ്ങുന്നത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. ഒരു ഫുട്‌ബോള്‍ മാസികയ്ക്ക് മേഗന്‍ നല്‍കിയ 39 സെക്കന്റുള്ള അഭിമുഖത്തില്‍ നിന്നും. നാലാം തവണയും ലോകകപ്പുയര്‍ത്തി അമേരിക്കന്‍ ടീം ചരിത്രം കുറിക്കാന്‍ സാധ്യതയുള്ള ലോകകപ്പാണ്. അതുകൊണ്ട് തന്നെ കപ്പ് നേടിയ ശേഷം വൈറ്റ് ഹൗസില്‍ നടക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ചായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. തുറന്നടിച്ചായിരുന്നു മേഗന്റെ മറുപടി, ട്രംപിനോടുള്ള പുച്ഛമൊട്ടും മറച്ചു വയ്ക്കാതെ തന്നെ മേഗന്‍ പറഞ്ഞു താന്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്.

തനിക്കെതിരെ വരുന്ന ആരോപണങ്ങള്‍ക്കെല്ലാം ട്രംപ് മറുപടി പറയുന്നത് ട്വിറ്ററിലൂടെയാണ്. മേഗന്റെ പ്രസ്താവനയ്‌ക്കെതിരേയും ട്രംപ് ട്വിറ്ററിലൂടെ തന്നെ രംഗത്തെത്തി. ആദ്യം ജയിക്കൂ എന്ന് സംസാരിക്കൂ എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. രാജ്യത്തിന്റെ പതാകയേയും രാജ്യത്തേയും ആദരിക്കണമെന്നായിരുന്നു അടുത്ത മറുപടി. പിന്നാലെ ജയിച്ചാലും തോറ്റാലും മേഗനേയും ടീമിനേയും വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്നതായും ട്രംപ് പറഞ്ഞു. ഓര്‍ക്കണം പറയുന്നത് 2011 ല്‍ അമേരിക്കയ്ക്ക് ലോകകപ്പ് നേടി കൊടുത്ത താരത്തോടാണെന്നത്.

ട്രംപിന്റെ ട്വീറ്റുകള്‍ക്ക് മേഗനെ തളര്‍ത്താനുള്ള ശേഷിയില്ല. തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നതായി അവര്‍ പറയുന്നു. ഒപ്പം തന്റെ സഹതാരങ്ങളോടായി മേഗന്‍ പറഞ്ഞു,”ചിന്തിക്കുക, നമ്മളെ പോലെ ചിന്തിക്കാത്ത, നമ്മള്‍ എന്തിന് വേണ്ടിയാണോ പോരാടുന്നത് അതിന് വേണ്ടി നില കൊള്ളാത്തവര്‍ക്കൊപ്പം നില്‍ക്കുന്നതിനെ കുറിച്ച്”.

‘പോരാട്ടം’, ജീവിതത്തെ കുറിച്ചുള്ള മേഗന്റെ കാഴ്ചപ്പാടാണത്. തന്റെ അഭിപ്രായം രേഖപ്പെടുത്താനോ വിയോജിപ്പ് അടയാളപ്പെടുത്താനോ മേഗന് യാതൊരു മടിയുമില്ല. മൈതാനത്ത് താന്‍ സൃഷ്ടിക്കുന്ന വിപ്ലവം ജീവിതത്തിലും ആവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നു ഈ 33 കാരി.

സ്വന്തം കാണികള്‍ പോലും മേഗനെ കൂവി വിളിച്ചിട്ടുണ്ട്. പൊലീസ് ക്രൂരതയ്‌ക്കെതിരെ കോളിന്‍ കാപര്‍നിക്ക് യുഎസ് ദേശീയ ഗാനത്തിനിടെ മുട്ടുകുത്തി നിന്ന് തന്റെ നിശബ്ദ പ്രതിഷേധത്തിലൂടെ ലോകത്തെ പിടിച്ചുലച്ചപ്പോള്‍ ആദ്യം പിന്തുണയുമായെത്തിയ വൈറ്റ് അത്‌ലറ്റുകളിലൊരാളായിരുന്നു മേഗന്‍. കോളിന്റെ പ്രതിഷേധത്തെ അന്താരാഷ്ട്ര വേദയില്‍ ആദ്യം അടയാളപ്പെടുത്തിയത് മേഗനായിരുന്നു. അതിന്റെ അലകള്‍ രാജ്യത്തുടനീളം വീശിയടിച്ചു. സംഭവത്തെ കുറിച്ച് മേഗന്‍ പ്ലെയേഴ്‌സ് ട്രിബ്യൂണില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്,

”പൊലീസ് അതിക്രമമോ വംശീയ അധിക്ഷേപമോ ഞാന്‍ നേരിട്ടിട്ടില്ല. എന്റെ കുടുംബത്തിലെ ഒരാളുടെ മൃതദേഹം തെരുവില്‍ കിടക്കുന്നതും കണ്ടിട്ടില്ല. പക്ഷെ രാജ്യത്ത് ഇതെല്ലാം അനുഭവിക്കുന്നവര്‍ ഉള്ളപ്പോള്‍ നോക്കി നില്‍ക്കാന്‍ എനിക്കാകില്ല”.

അഭിമുഖങ്ങളില്‍ തെളിമയോടെ ഉത്തരങ്ങള്‍ നല്‍കാനുള്ള മേഗന്റെ കഴിവ് അവരുടെ നിലപാടിലെ വ്യക്തതയുടെ തെളിവാണ്. വാക്കുകളിലൂടേയും പ്രവര്‍ത്തികളിലൂടേയും തനിക്ക് ആളുകളില്‍ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിയുമെന്നവര്‍ വിശ്വസിക്കുന്നു. മറ്റേതൊരു കായിക താരവും സംസാരിക്കാന്‍ മടിക്കുന്ന വിഷയങ്ങള്‍ സംസാരിക്കാന്‍ മേഗന്‍ തയ്യാറാകുന്നതും അതുകൊണ്ടാണ്. തന്റെ കരിയറില്‍ ഇവിടം വരെ മേഗന്‍ എത്തിയതും പൊരുതി മുന്നേറിയാണ്. 2011 ലെ ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് മേഗന്‍ ലോകത്തോട് വിളിച്ചു പറയുന്നത്.

കായികതാരങ്ങളെ തേടിയെത്തുന്ന വമ്പന്‍ പരസ്യങ്ങള്‍ ഇല്ലാതാകുന്നതിന്റേയും അതിലുപരിയായി തനിക്കെതിരെ തിരിയുന്ന ആരാധകരും അടക്കം പല വെല്ലുവിളികളുമുണ്ടായിരുന്നുവെങ്കിലും അതൊന്നും മേഗന്‍ ഗൗനിച്ചില്ല. തനിക്ക് ചെയ്യാന്‍ ഉള്ളത് അതിലും വലുതാണെന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നു. മേഗനും കാമുകിയും ബാസ്‌കറ്റ് ബോള്‍ താരവുമായ സു ബേഡുമാണ് ഇഎസ്പിഎന്‍ മാഗസിന്റെ കവറില്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ലെസ്ബിയന്‍ കപ്പിള്‍.

ഗേ റൈറ്റ്‌സും തുല്യ വേതനവും വര്‍ണ വിവേചനവുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതായി മേഗന്‍ വിശ്വസിക്കുന്നു. ”വംശീയ വിദ്വേഷം ഉണ്ടോ? സ്ത്രീ വിരുദ്ധത ഉണ്ടോ? എന്നൊക്കെ നാം ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം അവ നിലനില്‍ക്കുന്നു എന്നു തന്നെയാണ്. ആ യാഥാര്‍ത്ഥ്യം മനസിലാക്കാതെ പരിഹാരം കണ്ടെത്താനാകില്ല. നമ്മള്‍ സമയം കളയുകയാണ്”.

2016 ല്‍ വനിതാ താരങ്ങളോട് ബോര്‍ഡ് കാണിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ പരാതിയുയര്‍ത്തിയ അഞ്ച് താരങ്ങളിലൊരാള്‍ മേഗനായിരുന്നു. സ്വന്തം രാജ്യത്തേയും മറ്റ് രാജ്യങ്ങളിലേയും താരങ്ങള്‍ക്ക് അതൊരു പ്രചോദനമായിരുന്നു. സ്വന്തം അഭിമാനത്തിനും അവകാശത്തിനുമായി ശബ്ദമുയര്‍ത്താന്‍ സഹതാരങ്ങളെ മേഗന്റെ സാന്നിധ്യവും ഉറച്ച നിലപാടുകളും ഒരുപാട് സഹായിച്ചിട്ടുണ്ട്. ഫ്രാന്‍സിലേക്ക് ലോകകപ്പിനായി പറക്കും മുമ്പ് മേഗനടക്കം യുഎസ് ടീമിലെ 28 പേരും യുഎസ് സോക്കര്‍ ഫെഡറേഷന്റെ ലിംഗ വിവേചനത്തിനെതിരെ കേസ് നല്‍കിയിരുന്നു. ലോകകപ്പിന് പിന്നാലെ ഇതിനൊരു പരിഹാരമുണ്ടാകുമെന്ന് ഫെഡറേഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

”ഞാന്‍ എന്താണോ അതിനെ ആളുകള്‍ ബഹുമാനിക്കണം, സ്വവര്‍ഗ്ഗാനുരാഗിയെന്ന നിലയിലും സ്ത്രീ എന്ന നിലയിലും അത്‌ലറ്റ് എന്ന നിലയിലുമെല്ലാം” മേഗന്റെ വാക്കുകളില്‍ എല്ലാമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook