ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീല്‍ വെള്ളിയാഴ്ച നടക്കുന്ന ഗ്രൂപ്പ് ജി മത്സരത്തില്‍ കാമറൂണിനെ നേരിടും. സൂപ്പര്‍ താരം നെയ്മറില്ലാതെയായിരിക്കും ബ്രസീലിറങ്ങുക. പരിക്ക് ഒരിക്കല്‍ക്കൂടി നെയ്മറിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്. നെയ്മറിന്റെ ലോകകപ്പുകളിലെ ഉയര്‍ച്ച താഴ്ചകള്‍ പരിശോധിക്കാം.
ടീമിലെത്താതെ പോയ ലോകകപ്പ് – 2010
2010-ലാണ് നെയ്മര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ചത്. അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ ഗോളടിക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷകളുടെ അമിതഭാരം നെയ്മറെന്ന താരത്തെ വേട്ടയാടുകയായിരുന്നു.
2010 ലോകകപ്പ് ടീമില്‍ താരത്തിന് ഇടം ലഭിച്ചില്ല. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ പരിശീലകനായിരുന്നത് ദുംഗയായിരുന്നു. 18-കാരനായ നെയ്മറില് ദുംഗയ്ക്ക് ആത്മവിശ്വാസം കുറവായിരുന്നതാണ് തിരിച്ചടിയായത്.
കണ്ണീര് വീണ റിയൊ ലോകകപ്പ് – 2014
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയിലേക്ക് ചേക്കേറിയതോടെ നെയ്മര്‍ ലോക ഫുട്ബോളിലെ തന്നെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായി. സ്വന്തം മണ്ണില്‍ നടന്ന 2014 ലോകകപ്പില്‍ കിരീടത്തിന് പകരം നെയ്മറിന്റെ കൈകളിലേക്ക് എത്തിയത് കണ്ണീരായിരുന്നു.
അഞ്ച് കളികളില്‍ നിന്ന് നാല് ഗോളുകളുമായി മികച്ച ഫോമില്‍ തുടര്‍ന്ന നെയ്മറിന് കൊളംബിയക്കെതിരായ മത്സരത്തില്‍ ഗുരുതരമായ പരിക്കേറ്റു. നെയ്മറില്ലാതെ സെമി ഫൈനലിനിറങ്ങിയ ബ്രസീല്‍ ഒന്നിനെതിരെ ഏഴ് ഗോളുകളുടെ തോല്‍വിയാണ് വഴങ്ങിയത്.
റഷ്യയിലും നെയ്മറിന് രക്ഷയില്ല – 2018
2018 റഷ്യ ലോകകപ്പിലും പരിക്ക് തന്നെയാണ് നെയ്മറിന്റെ വില്ലനായെത്തിയത്. കണങ്കാലിനായിരുന്നു നെയ്മറിന് പരിക്കേറ്റത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബല്‍ജിയത്തിനോട് പരാജയപ്പെട്ടായിരുന്നു കാനറികളുടെ മടക്കം. തലമുടിയുടെ സ്റ്റൈല്‍, ഡൈവിങ്, ടൂര്‍ണമെന്റില്‍ സ്ഥിരം കണ്ണീരണിയുന്നു എന്നെല്ലാം പറഞ്ഞ് ഫുട്ബോള്‍ ലോകം നെയ്മറിനെ കളിയാക്കലുകള്ക്കൊണ്ട് മൂടി.
2022 ലോകകപ്പും നെയ്മറും
കളിക്കളത്തിന് അകത്തും പുറത്തും സമാനതകളില്ലാതെ വിമര്‍ശനം നേരിട്ട കളിക്കാരാണ് നെയ്മര്‍. എന്നാല്‍ ഖത്തല്‍ ലോകകപ്പിന് മുന്നോടിയായുള്ള നെയ്മറിന്റെ തയാറെടുപ്പുകള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.
നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജര്മനില് കളിക്കുന്ന നെയ്മര്‍ തന്റെ അവധിക്കാലം ഒരാഴ്ച മുന്‍പ് അവസാനിപ്പിച്ചാണ് പരിശീലനത്തിനെത്തിയത്. പി എസ് ജിക്കായി സീസണില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഏറ്റവും കൂടുതല്‍ ഗോളും അസിസ്റ്റും നേടിയ താരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുണ്ട് നെയ്മര്‍. ബ്രസീലിനായി മൂന്ന് ഗോളുകള്‍ക്കൂടി നേടിയാല്‍ ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡും ( അന്താരാഷ്ട്ര ഫുട്ബോളില്‍ 75 ഗോള്‍) മറികടക്കാം.
ട്രോഫികള്ക്കൊണ്ട് സമ്പന്നമാണ് നെയ്മറിന്റെ ക്ലബ്ബ് കരിയര്‍. എന്നാല്‍ രണ്ട് പതിറ്റാണ്ടിന് ശേഷം ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കാനായാല്‍ ഇതിഹാസങ്ങളുടെ പട്ടികയില്‍ നെയ്മറിനും ഇടമുണ്ടാകും. എന്നാല്‍ നോക്കൗട്ട് ഘട്ടത്തില്‍ നെയ്മറിന് കളത്തിലിറങ്ങാനാകുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നു.