scorecardresearch
Latest News

‘ഇത്തവണ നമ്മള്‍ പൊളിക്കും’; കൊമ്പന്മാരുടെ ആറാട്ട് കാണാന്‍ കൊച്ചിയിലേക്ക് ആരാധകരുടെ ഒഴുക്ക്

സ്റ്റേഡിയം വലംവച്ചും മരച്ചുവടുകളില്‍ ഇരുന്നും ഏഴ് മണിയാകാന്‍ കാത്തിരിക്കുകയാണ് ഓരോരുത്തരും

‘ഇത്തവണ നമ്മള്‍ പൊളിക്കും’; കൊമ്പന്മാരുടെ ആറാട്ട് കാണാന്‍ കൊച്ചിയിലേക്ക് ആരാധകരുടെ ഒഴുക്ക്

കൊച്ചി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയില്‍ കാല്‍പ്പന്തുരളുകയാണ്. ആരാധകര്‍ കാത്തിരുന്ന നിമിഷത്തിനായി ഇനി മണിക്കൂറുകള്‍ മാത്രം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ള ആരാധകര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലേക്ക് ഒഴുകുകയാണ്. മുഖത്ത് ചായം പൂശിയും ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി സ്വന്തമാക്കിയും ഐഎസ്എല്ലിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് ജനം.

ഫുട്ബോള്‍ ആരാധകര്‍ മാത്രമല്ല കളിയാവേശം ആസ്വദിക്കാനെത്തിയവരുമുണ്ട് കൊച്ചിയില്‍. “ഫുട്ബോള്‍ ടിവിയില്‍ കാണാറുണ്ട്. ആദ്യമായാണ് സ്റ്റേഡിയത്തിലെത്തുന്നത്. ആദ്യ കളി കാണണമെന്നായിരുന്നു ആഗ്രഹം. അത് സഫലമായി, ടിക്കറ്റിനായി ഒരുപാട് കഷ്ടപ്പെട്ടു. പിന്നെ സുഹൃത്ത് വഴിയാണ് ഒപ്പിച്ചത്. ഇനി സ്റ്റേഡിയത്തില്‍ കയറുന്നത് വരെ ഒരു ചങ്കിടിപ്പാണ്,” കാസര്‍ഗോഡ് ബന്തടുക്ക സ്വദേശിയായ ആശ്വതി എ പറയുന്നു.

ISL, Kerala Blasters

സ്റ്റേഡിയം മഞ്ഞക്കടലാകുമെന്ന് ഉറപ്പിക്കും വിധമാണ് ആരാധകരുടെ വരവ്. സ്റ്റേഡിയം വലംവച്ചും മരച്ചുവടുകളില്‍ ഇരുന്നും ഏഴ് മണിയാകാന്‍ കാത്തിരിക്കുകയാണ് ഓരോരുത്തരും. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ മഞ്ഞയണിഞ്ഞെത്തിയിട്ടുണ്ട്. കളിയെങ്ങനെയുണ്ടാകുമെന്ന ചോദ്യത്തിന് ഇത്തവണ പൊളിക്കുമെന്നായിരുന്നു കോട്ടയം സ്വദേശിയായ ആല്‍ഫ്രഡ് ഫ്രാന്‍സിസിന്റെ മറുപടി.

“ഇത്തവണ എന്തായാലും നമ്മള്‍ പൊളിക്കും. കഴിഞ്ഞ തവണ ഫൈനല്‍ കാണാന്‍ ഗോവയ്ക്ക് പോയ വ്യക്തിയാണ് ഞാന്‍. കൊച്ചിയില്‍ കളി വരുമ്പോള്‍ പിന്നെ വീട്ടിലിരിക്കാന്‍ പറ്റുവോ. ഈസ്റ്റ് ബംഗാളിനെ ഇന്ന് ആശാനും പിള്ളേരും തകര്‍ക്കുമെന്നാണ് പ്രതീക്ഷ. ലൂണയും സഹലുമൊക്കെയുള്ളപ്പോള്‍ നമ്മളെന്തിന് പേടിക്കണം,” ജോസഫ് ചോദിക്കുന്നു.

പലവെല്ലുവിളികളേയും അതിജീവിച്ച് കൊച്ചിയിലെത്തിയവരുമുണ്ട് ആരാധകരുടെ ഇടയില്‍. ആലപ്പുഴയില്‍ നിന്നുള്ള അമൃത് വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ടിക്കറ്റെടുക്കാന്‍ മറന്നിട്ട് പാതി വഴിയില്‍ തിരകെ പോയി ടിക്കറ്റെടുത്താണ് കൊച്ചിയിലേക്ക് വന്നത്. ടിക്കറ്റ് കിട്ടാത്തവരും എങ്ങനെയെങ്കിലും അവസാന നിമിഷം കിട്ടുമെന്ന പ്രതീക്ഷയില്‍ സ്റ്റേഡിയത്തിന് വലം വയ്ക്കുന്ന ചിലരുമുണ്ടായിരുന്നു പരിസരങ്ങളില്‍.

ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹൃ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ എത്തിയ ആത്മവിശ്വാസത്തിലായിരിക്കും കൊമ്പന്മാര്‍ ഇറങ്ങുക. ഈസ്റ്റ് ബംഗാളിനെതിരെ നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ടീമിന് നേടാനായിട്ടുള്ളത്.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: We will rock this time says blasters fans ahead of east bengal clash