ഫുട്ബോള്‍ ലോകത്ത് ഏറെ പ്രശസ്തി നേടിയ ഒന്നാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഗോളാഘോഷം. വാനിലേക്ക് ഉയര്‍ന്ന് ചാടിയുള്ള ആഘോഷം വ്യത്യസ്ത കായിക മേഖലയിലുള്ളവര്‍ അനുകരിക്കുന്നതും കണ്ടിട്ടുണ്ട്.
എന്നാല്‍ അനുകരണം പാളി ആശുപത്രിയിലായിരിക്കുകയാണ് വിയറ്റ്നാം താരം ട്രാന്‍ ഹോങ് കീന്‍. വിയറ്റ്നാമീസ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം.
ഗോള്‍ നേടിയ ശേഷം ഉടന്‍ തന്നെ വിയെറ്റല്‍ എഫ് സി താരമായ ട്രാന്‍ നേരെ റൊണാള്‍ഡോയുടെ ഗോളാഘോഷം പുറത്തെടുത്തു. എന്നാല്‍ ഉയര്‍ന്ന് പൊങ്ങിയ ശേഷം മൈതാനത്ത് കാലു കുത്തിയപ്പോഴാണ് ലിഗമെന്റിന് പരുക്കേറ്റത്.
പ്രാഥമിക ചികിത്സ നേടിയ ശേഷം റൊണാള്‍ഡോയുടെ ഏറ്റവും പുതിയ ഗോളാഘോഷവും താരം അനുകരിച്ചു. ഇരുകൈകളും നെഞ്ചോട് ചേര്‍ത്തതിന് ശേഷം കണ്ണടച്ച് നില്‍ക്കുന്നതായിരുന്നു ആഘോഷം.
എന്നാല്‍ അല്‍പ്പസമയത്തിന് ശേഷവും താരത്തിന് നടക്കാന്‍ കഴിയുന്നുണ്ടായില്ല. പിന്നീട് സ്ട്രെച്ചറിലാണ് ട്രാനിനെ വിദഗ്ദ ചികിത്സയ്ക്കായി കൊണ്ടുപോയത്.