ലോകകപ്പിൽ അപരാജിത കുതിപ്പ് തുടർന്ന് അമേരിക്ക ഫൈനലിൽ. വനിത ലോകകപ്പിന്റെ ആദ്യ സെമിയിൽ കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ ഫൈനൽ പ്രവേശനം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അമേരിക്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയ്ക്ക് കിരീടം നിലനിർത്താൻ ഇനി വേണ്ടത് ഒരു ജയം മാത്രം.
സൂപ്പർ താരം മേഗൻ റാപ്പിനോയ് ഇല്ലാതെയാണ് അമേരിക്ക ഇറങ്ങിയത്. എന്നാൽ താരത്തിന്റെ അഭാവത്തിലും അമേരിക്ക ഫൈനൽ പ്രവേശനം സാധ്യമാക്കുകയായിരുന്നു. മേഗന്റെ പകരക്കാരിയായി ഇറങ്ങിയ ക്രിസ്റ്റൺ പ്രസാണ് അമേരിക്കയ്ക്ക് വേണ്ടി അക്കൗണ്ട് തുറന്നത്. കളിയുടെ 10-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റന്റെ ഗോൾ.
എന്നാൽ ഒമ്പത് മിനിറ്റുകൾക്ക് അപ്പുറം ഇംഗ്ലണ്ട് മറുപടി നൽകി. എലൻ വൈറ്റാണ് ഇംഗ്ലണ്ടിനായി അമേരിക്കൻ ഗോൾവല ചലിപ്പിച്ചത്. 31-ാം മിനിറ്റിൽ അലക്സ് മോർഗനിലൂടെ വീണ്ടും അമേരിക്ക മുന്നിലെത്തി. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡെടുത്ത അമേരിക്ക രണ്ടാം പകുതിയിൽ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. മത്സരം ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി വിധിച്ചെങ്കിലും അമേരിക്കൻ ഗോൾകീപ്പർ അലിസ നെയ്ഹറുടെ സേവിൽ അമേരിക്ക ജയം ഉറപ്പിക്കുകയായിരുന്നു.
തുടർച്ചയായി ഇത് മൂന്നാം തവണയാണ് അമേരിക്ക വനിത ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമും അമേരിക്ക തന്നെ. ലോകകപ്പിൽ കഴിഞ്ഞ 11 മത്സരങ്ങളിലും തോൽവിയറിയാതെ മുന്നേറുകയാണ് അമേരിക്ക. വനിത ലോകകപ്പിലെ ഒട്ടുമിക്ക എല്ലാ റെക്കോർഡുകളും അമേരിക്കയുടെ പേരിലാണ്. ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ജയിച്ചതും ഗോളടിച്ചതും അമേരിക്ക തന്നെ. 49 മത്സരങ്ങൾ കളിച്ച അമേരിക്ക 39 മത്സരങ്ങൾ ജയിച്ചു. 136 ഗോളുകളാണ് അമേരിക്കൻ ടീം എതിരാളികളുടെ വലയിൽ എത്തിച്ചത്.