പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്. ഫൈനലില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് 14-ാം കിരീടം റയല്‍ സ്വന്തമാക്കിയത്. 59-ാം മിനിറ്റില്‍ യുവതാരം വിനീഷ്യസ് ജൂനിയറാണ് വിജയഗോള്‍ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതി മുതല്‍ ലിവര്‍പൂളിന്റെ ആക്രമണ ഫുട്ബോളാണ് കണ്ടത്. ലിവര്‍പൂളിന്റെ മുന്നേറ്റ നിര ഷോട്ടുതിര്‍ക്കും റയല്‍ ഗോള്‍കീപ്പര്‍ കോര്‍ട്ട്വാ അത് തടയും. ഇതായിരുന്നു ആദ്യ പകുതിയിലെ ആവര്‍ത്തിച്ചുള്ള കാഴ്ച. 16, 34 മിനിറ്റുകളില്‍ മുഹമ്മദ് സലയ്ക്കും 20 മിനിറ്റില്‍ സാദിയോ മാനെയ്ക്കും സുവര്‍ണാവസരം ലഭിച്ചെങ്കിലും കോര്‍ട്ട്വാ റയലിനെ രക്ഷിച്ചു.
ആദ്യ ശ്രമത്തിനായി റയലിന് കാത്തിരിക്കേണ്ടി വന്നത് 44 മിനിറ്റുകളാണ്. സൂപ്പര്‍ താരം കരീം ബെന്‍സിമ ഗോളടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. കടുത്ത സമ്മര്‍ദം നേരിട്ട ആദ്യ പകുതിക്കൊടുവില്‍ റയലിന് നിരാശയായിരുന്നു ഫലം. എന്നാല്‍ രണ്ടാം പകുതിയില്‍ റയല്‍ കുറിയ പാസുകളും അതിവേഗ മുന്നേറ്റങ്ങളുമായി കളി വരുതിയിലാക്കി.
59-ാം മിനിറ്റില്‍ കലാശപ്പോരിലെ കാത്തിരുന്ന നിമിഷം വന്നെത്തി. വാല്‍വെര്‍ദെയുടെ ക്രോസില്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ നിന്ന് ഷോട്ടുതിര്‍ത്ത വിനീഷ്യസ് ജൂനിയറിന് പിഴച്ചില്ല. പാരീസിലെ മൈതാനത്തെ ആവേശത്തിലാഴ്ത്തി റയല്‍ മുന്നില്‍. ഗോള്‍ വഴങ്ങിയതോടെ ലിവര്‍പൂള്‍ സമ്മര്‍ദത്തിലുമായി.
പിന്നീട് നിരവധി തവണ റയല്‍ ഗോള്‍ മുഖം ലിവര്‍പൂള്‍ ആക്രമിച്ചു. ഗോള്‍ എന്നുറച്ച സലയുടെ രണ്ട് ശ്രമങ്ങളാണ് അവസാന നിമിഷങ്ങളില്‍ കോര്‍ട്ട്വാ തടുത്തിട്ടത്. കളിയിലുടനീളം 24 ഷോട്ടുകളാണ് ലിവര്‍പൂള്‍ ഉതിര്‍ത്തത്. ഒന്‍പതെണ്ണം ഓണ്‍ ടാര്‍ഗറ്റും. മറിച്ച് റയലാകട്ടെ നാല് ഷോട്ട് മാത്രമാണ് തൊടുത്ത്. 2018 ലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ റയലിനോട് അടിയറവ് പറഞ്ഞിരുന്നു.
Also Read: ‘കോഹ്ലിക്ക് ഒരു ഇടവേളയാകാം’; മുൻ ഓസ്ട്രേലിയൻ താരം