ബ്രസീലിന്റെ 2002 ഫിഫ ലോകകപ്പ് നേട്ടത്തിലെ നിര്‍ണായക ഘടകമായിരുന്നു ഫോര്‍വേര്‍ഡായ റൊണാള്‍ഡൊ നസാരിയൊ. റൊണാള്‍ഡോയെപ്പോലെ തന്നെ അന്ന് ഏവരും ഉറ്റുനോക്കിയ മറ്റൊന്നുകൂടിയുണ്ടായിരുന്നു ലോകകപ്പില്‍. അത് താരത്തിന്റെ ഹെയര്‍ സ്റ്റൈലായിരുന്നു.
തലയുടെ മുന്നിലായി അര്‍ദ്ധ വൃത്താകൃതിയില്‍ മാത്രം മുടി വച്ചുകൊണ്ടായിരുന്നു സൂപ്പര്‍ താരം പന്ത് തട്ടിയത്. എല്ലാവരും അന്ന് വിചാരിച്ചിരുന്നത് അത് ഫാഷന്റെ ഭാഗമാണെന്നായിരുന്നു. പക്ഷെ അത് അങ്ങനെ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റൊണാള്‍ഡൊ തന്നെ.
“ആ ലോകകപ്പില്‍ എല്ലാവരുടേയും ശ്രദ്ധ എന്റെ കാലിന്റെ പരുക്കായിരുന്നു. ഞാന്‍ സെമി ഫൈനല്‍ കളിക്കുമോ എന്ന ചോദ്യങ്ങളും ഉയര്‍ന്നു വന്നു,” ഫിഫയ്ക്ക് നല്കിയ അഭിമുഖത്തില്‍ റൊണാള്‍ഡൊ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു താരത്തിന് പരുക്കേറ്റത്. താരം മടങ്ങിയെങ്കിലും ഇംഗ്ലണ്ടിനെ 2-1 ന് കീഴടക്കി ബ്രസീല്‍ സെമിയിലെത്തി.
“പരുക്കിനെക്കുറിച്ചുള്ള വാര്‍ത്തകളെ എന്ന അസ്വസ്ഥനാക്കി. അതിനാല്‍ എല്ലാവരുടേയും ശ്രദ്ധ തിരിക്കാന്‍ ഞാന്‍ മുടി വെട്ടി. സഹതാരങ്ങളോട് അഭിപ്രായം ചോദിച്ചപ്പോള്‍ അവര്‍ വളരെ മോശം പ്രതികരണമാണ് നടത്തിയത്. ഈ സ്റ്റൈലുമായി മുന്നോട്ട് പോകാനാകില്ലെന്ന് പലരും പറഞ്ഞു,” റൊണാള്‍ഡൊ കൂട്ടിച്ചേര്‍ത്തു.
പരുക്കില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള റൊണാള്‍ഡോയുടെ തന്ത്രം ഫലം കണ്ടു. തുര്‍ക്കിക്കെതിരായ സെമി ഫൈനലില്‍ റൊണാള്‍ഡൊ ഗോള്‍ നേടുകയും ചെയ്തു.