scorecardresearch
Latest News

‘ഇങ്ങേര് ഒരു രക്ഷയുമില്ല, എന്റെ ഭാര്യയ്ക്ക് പോലും ഇക്കാര്യം അറിയില്ലായിരുന്നു’

തന്റെ ഭാര്യയ്ക്ക് പോലും അറിയാത്ത കാര്യം ഫാബ്രിസിയൊ റൊമാനൊ അറിഞ്ഞതിന്റെ ഞെട്ടലിലാണ് ജാപ്പനീസ് പ്രതിരോധ താരം മായ യോഷിദ

Football transfer News, Football

ഒരു ജാപ്പനീസ് താരത്തെ നഷ്ടമായതിന് പകരം മറ്റൊരാളെ ടീമിലെത്തിച്ച് ബുന്‍ഡസ് ലിഗ ക്ലബ്ബ് എഫ് സി ഷാല്‍ക്കെ. ജപ്പാന്‍ നായകന്‍ മായ യോഷിദയേയാണ് പ്രതിരോധ നിര ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഷാല്‍കെ ടീമിലെത്തിച്ചത്. മുപ്പത്തിമൂന്നുകാരനായ താരവുമായി ഒരു വര്‍ഷത്തെ കരാറാണുള്ളതെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ താരത്തിന്റെ കൂടുമാറ്റത്തെക്കുറിച്ച് ഇറ്റാലിയന്‍ റിപ്പോര്‍ട്ടര്‍ ഫാബ്രിസിയൊ റൊമാനൊ നല്‍കിയ ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഷാല്‍ക്കെ മായ യോഷിദയയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ റൊമാനൊ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു.

“ഷാല്‍ക്കെ 04 ജാപ്പനീസ് പ്രതിരോധ താരം മായ യോഷിദയെ ടീമില്‍ എത്തിക്കുന്നു. മെഡിക്കല്‍ പരിശോധനകള്‍ക്കായി താരം ജര്‍മനിയിലേക്ക് തിരിച്ചേക്കാം. തങ്ങളുടെ ജാപ്പനീസ് താത്പര്യം നിലനിര്‍ത്തുകയാണ് ഷാല്‍ക്കെ. മായ യോഷിദ ട്രാബ്സൺസ്പോർ ഉള്‍പ്പെടെയുള്ള ക്ലബ്ബുകളുടെ ഓഫര്‍ നിരസിച്ചിരുന്നു,” റൊമാനൊ ട്വീറ്റ് ചെയ്തു.

റൊമാനൊയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് യോഷിദ നല്‍കിയ മറുപടിയും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. “ഇദ്ദേഹം ഒരു രക്ഷയുമില്ല. ട്രാബ്സൺസ്പോറിന്റെ കാര്യം എന്റെ ഭാര്യയ്ക്ക് പോലും അറിയില്ലായിരുന്നു,” യോഷിദ കുറിച്ചു.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: This guy is incredible even my wife didnt know says maya yoshida on transfer report