പെപ്പ് ഗ്വാർഡിയോളയെ ഫുട്ബാൾ പ്രേമികൾക്ക് പരിചയപ്പെടുത്തേണ്ടതില്ല. ഇംഗ്ലീഷ് പ്രീമിയർലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജർ എന്ന് ചുരുക്കിപറയാം. ഫുട്ബാൾ ലോകത്ത് പ്രമുഖരുള്പ്പടെ അനേകം മാനേജർമ്മാരുണ്ട്. എന്നാൽ ഗ്വാർഡിയോള ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു.
ഫുട്ബാളിൻറെ സൗന്ദര്യം അതിൻ്റെ ലാളിത്യമാണ്. അതുകൊണ്ടാണല്ലോ ലോകത്തിലെ ഏറ്റവും പ്രചാരമേറിയ കായിക വിനോദമായി ഫുട്ബാൾ വളർന്നത്. കാല്പന്ത് കളിയുടെ ലാളിത്യത്തെ ഒന്നുകൂടി ലളിതവൽക്കരിക്കുന്നതാണ് ഗ്വാർഡിയോളയുടെ ശൈലി. ഓരോ കളിക്കുമുമ്പും എതിർ ടീമിൻ്റെ ശക്തിയും ബലഹീനതയും സൂക്ഷ്മമായി വിലയിരുത്തുക. ഇതിൽ എതിർ ടീമിൻ്റെ ചെറിയ ചെറിയ വീഴ്ചകൾ പോലും ഗ്വാർഡിയോളയുടെ മനസ്സിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിൽ നിന്നാണ് എതിരാളിയുടെ കോട്ടയെ എങ്ങിനെ തകർക്കാം എന്ന് മനസ്സിലാക്കുന്നത്. കോട്ടയ്ക്ക് ചുറ്റും തന്ത്രപരമായി ഉപരോധം ഏർപ്പെടുത്തി എതിരാളിയെ നിർവീര്യനാക്കുന്ന യുദ്ധ തന്ത്രം പോലെ.
‘ടോട്ടൽ ഫുട്ബാൾ’ തിയറിയെ സൗന്ദര്യാത്മകമായി തനതായ ശൈലിയിൽ വികസിപ്പിച്ചു എന്നതാണ് യൊഹാൻ ക്രൊയ്ഫിൻ്റെ ശിഷ്യനായ ഗ്വാർഡിയോളയുടെ മഹത്വം. ഇതിൽ ഒരു കളിക്കാരൻ്റേയും പൊസിഷൻ ശാശ്വതമല്ല. A എന്ന കളിക്കാരൻ പന്തുമായി മുന്നേറുമ്പോൾ Aയുടെ സ്ഥാനത്ത് B യോ മറ്റ് കളിക്കാരനോ വന്നേക്കാം. എന്നാൽ പൊതുവായി ടീമിൻ്റെ രൂപത്തിന് മാറ്റം വരുന്നില്ല . ടീമിൻ്റെ സുഗമമായ ഒഴുക്കിന് തടസ്സം വരാതെ പാസ്സുകളുമായി മുന്നേറുക. സത്യത്തിൽ എതിർ ടീമിനെ ശ്വാസം മുട്ടിക്കുകയും അതുവഴി ഗോളടിക്കുവാനുള്ള അവസരം ഒരുക്കുകയുമാണ് ലക്ഷ്യം.
എതിരാളിയെ കുരുക്കുവാനുള്ള വഴിയാണ് പന്തിൻ്റെ നിയന്ത്രണം. പന്തിൻ്റെ നിയന്ത്രണമാണ് ഗോളടിക്കുവാനുള്ള അവസരം സൃഷ്ടിക്കുന്നത്. മത്സരം ജയിക്കുക എന്നതിൽ കവിഞ്ഞ് വേറെ ഒന്നുമില്ല. പന്തിൻ്റെ നിയന്ത്രണം കൊണ്ട് എതിരാളികളെ വശീകരിക്കുവാനും കഴിയും. ഇവിടെ പന്ത് ചൂണ്ടയിൽ കൊളുത്തുന്ന ഇരയാണ്. എതിരാളി പ്രലോഭനത്തിന് വഴങ്ങിയാൽ അവിടെ സൃഷ്ടിക്കപ്പെടുന്ന ചെറിയ വിടവ് പോലും അതിവിദഗ്ദമായി മുതലെടുക്കാൻ കഴിവുള്ളവരാണ് ഗ്വാർഡിയോളയുടെ കളിക്കാർ. ഇതിനർഥം പന്തിൻ്റെ നിയന്ത്രണവും കൈവശം വക്കലും മാത്രമാണ് പ്രധാനമെന്നല്ല. ലക്ഷ്യം വിജയമാണ്. ഓരോ കളിയിലും ഉയർന്ന നിലവാരത്തിൽ കളിക്കുക. ഫുട്ബാളിൻ്റെ പരിണാമ പ്രക്രിയയിൽ തുടർച്ചയായി ഉന്നത നിലവാരം പുലർത്തുക. പൂർണ്ണതയിൽ നിന്ന് പൂർണ്ണതയിലേക്കുള്ള യാത്ര.
സ്വയം ഒരു ഫുട്ബാൾ കളിക്കാരനായിരുന്ന ഗ്വാർഡിയോള സ്വന്തം അനുഭവത്തിൽ നിന്നും മഹാനായ ഗുരു ക്രൊയ്ഫിൽ നിന്നും പഠിച്ചതും മനസ്സിലാക്കിയതും പുതിയ കാലഘട്ടത്തിനും ക്ലബ്ബുകളുടെ പാര്യമ്പര്യത്തിനും അനുയോജ്യമായ രീതിയിൽ പുനസൃഷ്ടിക്കുകയാണ്. ഒരു ഫുട്ബാൾ മത്സരം ആയിരം കാരണങ്ങളാൽ സ്വാധീനപ്പെട്ടേക്കാം എന്ന് കേൾക്കുമ്പോൾ ഒരു സാധാരണക്കാരൻ ഞെട്ടിയേക്കാം. എന്നാൽ ഗ്വാർഡിയോളയുടെ നിരീക്ഷണത്തിൽ നമ്മൾ കാണാത്ത പല തലങ്ങളും കണ്ടെത്തിയേക്കും.
ഒരു സൂക്ഷ്മദൃക്കായ ഗ്വാർഡിയോള ഒരു കളിക്കാരൻ ആയിരുന്നപ്പോൾ തന്നെ എതിർ ടീമുകളുടെ തന്ത്രങ്ങളും ശൈലികളും നിരീക്ഷിച്ചു കൊണ്ടാണ് കളിച്ചിരുന്നത്. കളിക്കളത്തിലെ കോച്ച് എന്ന് അന്ന് തന്നെ അറിയപ്പെട്ടിരുന്നു. ഓരോ കളിക്കാരനിൽ നിന്നും എന്താണ് താൻ പ്രതീക്ഷിക്കുന്നതെന്നും എങ്ങിനെയാണ് തന്ത്രപരമായി നീക്കങ്ങൾ നടപ്പിലാക്കേണ്ടതെന്നും ഓരോ മത്സരത്തിനു മുമ്പും കളിക്കാരെ കൃത്യമായി ധരിപ്പിക്കും. ഇത് കാര്യകാരണ സഹിതം ഓരോ കളിക്കാരനേയും ബോദ്ധ്യപ്പെടുത്തും. ഒരു കളിക്കാരൻ പന്ത് സ്വീകരിക്കുന്നതിനു മുമ്പ് തന്നെ തൻ്റെ അടുത്ത നീക്കം മനസ്സിൽ കണ്ടിരിക്കും. ഗ്വാർഡിയോളയുടെ ടീം പന്തുമായി മുന്നേറുന്നത് മനോഹര കാഴ്ചയാണ്. ശാസ്ത്രീയ സംഗീതത്തിലെ ആലാപനത്തിൻ്റെ സൗന്ദ്യര്യമോ വീണ്ടും വീണ്ടും വായിക്കുവാൻ തോന്നുന്ന കവിതയുടെ സൗന്ദ്യര്യമോ ഗ്വാർഡിയോളയുടെ ഫുട്ബാളിൽ നിങ്ങൾക്ക് ദർശിക്കാം.
കെ.പി. അപ്പൻ്റെ അതിഗംഭീരമായ ഒരു നിരീക്ഷണമുണ്ട്. “ലോകത്തെ മനസ്സിലാക്കുന്നതിൽ ഒരു എഴുത്തുകാരൻ അസാധാരണമായി എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ട് എന്ന് നോക്കിക്കൊണ്ടാണ് ഞാൻ ഒരാളെ അംഗീകരിക്കുന്നത്.” ഇതിൽ എഴുത്തുകാരനു പകരം ഫുട്ബാൾ പരിശീലകനെന്നു വായിച്ചാൽ മുന്നിൽ തെളിയുന്നത് പെപ്പ് ഗ്വാർഡിയോള മാത്രം. ഫുട്ബാളിൽ കവിത രചിക്കുന്ന മഹാകവി.