ആദ്യമായി അര്‍ജന്റീനയുടെ കുപ്പായത്തിലും തന്റെ കരിയറില്‍ രണ്ടാം തവണയും ഒരു കളിയില്‍ ലയണല്‍ മെസി അഞ്ച് ഗോള്‍ നേടിയിരിക്കുന്നു. സ്പെയിനില്‍ വച്ച് നടന്ന സൗഹൃദ മത്സരത്തില്‍ എസ്റ്റോണിയയെ കോപ്പ അമേരിക്ക ജേതാക്കള്‍ കീഴടക്കുമ്പോള്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ മെസിയുടെ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ജോസ് മാനുവല്‍ മൊറേനൊ 1942 ല്‍ ഇക്വഡോറിനെതിരെ സമാന നേട്ടം കുറിച്ചിരുന്നു. ജോസിന് ശേഷം അര്‍ജന്റീനയ്ക്കായി ഒരു കളിയില്‍ അഞ്ച് ഗോള്‍ നേടുന്ന താരമാകാനും മെസിക്കായി. 34 കാരനായി മെസിക്ക് പോയവാരം നേട്ടങ്ങളുടേത് മാത്രമായിരുന്നു. ഇന്നലത്തെ പ്രകടനത്തിന് പുറമെ താരത്തിന്റെ മികവില്‍ ഫൈനലിസിമ കിരീടവും അര്‍ജന്റീന സ്വന്തമാക്കി.
മെസി മാജിക്കിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ അവരുടെ അഭിപ്രായങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. മുന്‍ ഇംഗ്ലണ്ട്, ബാഴ്സണോണ താരം ഗാരി ലിനെകര്‍ തുടങ്ങി നിരവധി പേരാണ് മെസിയെ പുകഴ്ത്തിയിരിക്കുന്നത്. ഫുട്ബോളില്‍ മറ്റേതൊരു താരത്തേക്കാള്‍ മുകളിലാണ് മെസിയുടെ സ്ഥാനമെന്ന് ഗാരി ട്വിറ്ററില്‍ കുറിച്ചു.
2012 ല്‍ ചാമ്പ്യന്‍സ് ലീഗില്‍ മെസി ലെവര്‍കുസനെതിരെ അഞ്ച് ഗോള്‍ നേടിയതിന്റെ ഓര്മ ബാഴ്സലോണ ആരാധകര്‍ പങ്കുവച്ചു. തന്റെ കരിയറില്‍ മെസി ഇതുവരെ 1,100 ഗോളില്‍ നേരിട്ടും അസിസ്റ്റുമായി പങ്കാളിയായി. പ്രൊഫഷണല്‍ ഫുട്ബോളില്‍ ഏറ്റവുമധികം ഗോള്‍ നേടിയവരുടെ പട്ടികയില്‍ ബ്രസീലിയന്‍ ഇതിഹാസം പെലെയെ താരം പിന്തള്ളി.
Also Read: French Open 2022: ഫ്രഞ്ച് ഓപ്പണില്‍ ‘നദാലിസം’; 22-ാം ഗ്രാന്‍ഡ് സ്ലാം കിരീടം