സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ അടുത്തിടെയാണ് സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. താരത്തിനെ ഔദ്യോഗികമായി അവതരിപ്പിക്കുന്ന ചടങ്ങില്‍ പങ്കാളി ജോര്‍ജിന റോഡ്രിഗസും മക്കളും എത്തിയിരുന്നു. എന്നാല്‍ ക്രിസ്റ്റ്യാനോയ്ക്കും ജോര്‍ജിനയ്ക്കും സൗദിയില്‍ ഒന്നിച്ച് ജീവിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
സൗദി നിയമ പ്രകാരം വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കാന്‍ അനുവാദമില്ല. എന്നാല്‍ ക്രിസ്റ്റ്യാനോയും ജോര്‍ജിനയും നിയമ നടപടി നേരിടേണ്ടി വരില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് കാരണം ക്രിസ്റ്റ്യാനോയുടെ ഐതിഹാസിക കരിയറും പ്രാധാന്യവും തന്നെയാണെന്നാണ് സ്പാനിഷ് വാര്‍ത്ത ഏജന്‍സിയായ ഇഎഫ്ഇ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റൊണാൾഡോയുടെ കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ ഇടപെടല്‍ ഉണ്ടാകില്ലെന്നാണ് നിയമവിദഗ്ധർ പ്രതീക്ഷിക്കുന്നതെന്ന് രണ്ട് സൗദി അഭിഭാഷകരെ ഉദ്ധരിച്ചുകൊണ്ട് ഇഎഫ്ഇ റിപ്പോര്‍ട്ട് ചെയ്തു.
“വിവാഹ കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതിന് നിയമത്തിന്റെ വിലക്കുണ്ടെങ്കിലും അധികാരികളുടെ ഇടപെടല്‍ കുറവാണ്. എന്നാല്‍ ഒരു പ്രശ്നമോ കുറ്റകൃത്യമോ സംഭവിക്കുമ്പോള്‍ ഈ നിയമങ്ങൾ ഉപയോഗിക്കപ്പെടുന്നു,” ഒരു അഭിഭാഷകന് പറഞ്ഞു.
എന്നാല്‍ റൊണാള്‍ഡൊ ഒരു വിദേശി ആയതുകൊണ്ട് തന്നെ അധികാരികള്‍ ഇടപെടില്ലെന്നും പക്ഷെ നിയമം നിലനില്‍ക്കുന്നുണ്ടെന്നുമാണ് രണ്ടാമത്തെ അഭിഭാഷകന് അഭിപ്രായപ്പെട്ടത്.
ക്രിസ്റ്റ്യാനൊ റയല്‍ മാഡ്രിഡില്‍ കളിക്കുന്ന കാലത്താണ് (2016) ജോര്‍ജിനയെ പരിചയപ്പെടുന്നത്. ഇരുവര്‍ക്കും നിലവില്‍ രണ്ട് മക്കളാണ് ഉള്ളത്, ബെല്ല, അലന.
ഇവരെ കൂടാതെ താരത്തിന് മൂന്ന് മക്കള്‍ കൂടിയുണ്ട്. ക്രിസ്റ്റ്യാനൊ ജൂനിയര്‍, ഇവ, മാറ്റയൊ.
ജോര്‍ജിനയും ക്രിസ്റ്റ്യാനോയും വിവാഹം കഴിക്കാത്തതുകൊണ്ട് തന്നെ സൗദി നിയമം സാങ്കേതികമായി ലംഘിക്കേണ്ടി വരും.