FIFA World Cup 2022: കിരീട സാധ്യതകള്‍ ഏറ്റവും കൂടുതല്‍ കല്‍പ്പിച്ചിരുന്ന സാക്ഷാല്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയെ സൗദി അറേബ്യ എങ്ങനെ പരാജയപ്പെടുത്തി എന്ന ചോദ്യം ഏതൊരു ഫുട്ബോള്‍ പ്രേമിക്കുമുണ്ടാകും. ലോകകപ്പിന്റെ 92 വര്‍ഷത്തെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ അട്ടിമറിയായാണ് അര്‍ജന്റീനക്കെതിരായ സൗദിയുടെ വിജയം വിലയിരുത്തപ്പെടുന്നത്.
ആദ്യ പകുതിയുടെ പത്താം മിനുറ്റില്‍ മെസിയുടെ പെനാലിറ്റിയിലൂടെ മുന്നിലെത്തിയിരുന്നു അര്‍ജന്റീന. പിന്നീട് ഗോള്‍ പിറന്നെങ്കിലും ഓഫ് സൈഡ് വില്ലനായതോടെ ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ സ്കോര്‍ ഒന്നില്‍ തന്നെ ഒതുങ്ങി. രണ്ടാം പകുതിയില്‍ അര്‍ജന്റീനയ്ക്കെതിരെ അപ്രതീക്ഷിതമായായിരുന്നു സൗദി രണ്ട് ഗോളുകള്‍ നേടിയത്.
ആദ്യ പകുതിക്ക് ശേഷം സൗദിക്ക് എങ്ങനെയിത്ര ഊര്‍ജം ലഭിച്ചു. അത് മറ്റൊന്നുമല്ല സൗദി പരിശീലകന്‍ ഹെര്‍വ് റെനാര്‍ഡിന്റെ വാക്കുകളാണ്. ഡ്രെസിങ് റൂമില്‍ റെനാര്‍ഡ് താരങ്ങളെ പ്രചോദിപ്പിക്കുക മാത്രമല്ല റെനാര്‍ഡ് ചെയ്തത്. കളി മറന്ന സൗദി താരങ്ങളെ ഉണര്‍ത്തുക കൂടിയായിരുന്നു പരിശീലകന്‍ ചെയ്തത്.
വീഡിയോ കാണാം:
“ഇതാണൊ നമ്മളുടെ പ്രെസിങ് സ്റ്റൈല്‍. മധ്യനിരയില്‍ മെസി പന്തുമായി മുന്നേറുമ്പോള്‍ പ്രതിരോധത്തില്‍ നിങ്ങള്‍ നോക്കി നില്‍ക്കുകയാണ്. മധ്യനിരയില്‍ വച്ച് തന്നെ മെസിയെ മാര്‍ക്ക് ചെയ്യണമെന്ന് നിങ്ങള്‍ക്കറിയില്ലേ. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഫോണുമായി പോയി മെസിക്കൊപ്പം ഒരു ചിത്രമെടുക്കാം,” റെനാര്‍ഡ് പറയുന്നു.
“നിങ്ങള്‍ പ്രതിരോധത്തില്‍ ഒന്നുമല്ലാതെ നില്‍ക്കുകയാണ്. മെസിയെ പിന്തുടരണം. നിങ്ങളെന്താ ചെയ്തതെന്ന് അറിയില്ലെ. നമുക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെ. കമോണ്‍ ഗയ്സ്, ഇതൊരു ലോകകപ്പാണ്. നിങ്ങളുടെ മുഴുവനും അര്‍പ്പിക്കൂ. വെറും കാഴ്ചക്കാരായി നില്‍ക്കാതെ കൂടുതല്‍ ശ്രദ്ധയോടെ കളിക്കൂ,” അദ്ദേഹം കൂട്ടിച്ചെര്‍ത്തു.