കോഴിക്കോട്: ദു:ഖങ്ങളും ജീവിതത്തിലെ വെല്ലുവിളികളുമെല്ലാം വെള്ള വരയ്ക്ക് പുറത്തഴിച്ചു വച്ച് കളത്തില്‍ മികവ് പുലര്‍ത്താന്‍ വിധിക്കപ്പെട്ടവരാണ് കായിക താരങ്ങള്‍. ഇന്നലെ സന്തോഷ് ട്രോഫിയില്‍ മിസോറാമിനെ ആധികാരികമായി കീഴടക്കി കേരള ടീം കുതിച്ചത് സങ്കടക്കടലിലേക്കായിരുന്നു. മധ്യനിര താരം റിസ്വാന് അലിയുടെ പിതാവ് വി പി മുഹമ്മദ് അലിയുടെ മരണ വാര്‍ത്തയിലേക്ക്.
ഹൃദയസ്തംഭനം മൂലമായിരുന്നു മുഹമ്മദ് അലിയുടെ മരണം. റിസ്വാനിലേക്ക് പിതാവിന്റെ മരണം വാര്‍ത്തയെത്താന്‍ കളിയുടെ അവാസന വിസില്‍ വരെ മുഴങ്ങേണ്ടി വന്നു. പിന്നീട് ടീം ക്യാമ്പിലെ നീണ്ടു നിന്ന നിശബ്ദതയ്ക്കൊടുവില്‍ പിതാവിനെ കാണാന്‍ റിസ്വാന് മടങ്ങി. സഹതാരം എം റാഷിദുമൊപ്പമുണ്ടായിരുന്നു.
സന്തോഷ് ട്രോഫി ടീമിലെ നിര്‍ണായക താരങ്ങളിലൊരാളാണ് റിസ്വാന്. മധ്യനിരയില്‍ നിറഞ്ഞാടി ഗോളിന് വഴിയൊരുക്കുക എന്ന ചുമതല ഭംഗിയായി നിര്‍വഹിക്കുന്ന താരം. റിസ്വാന്റെ പിഴയ്ക്കാത്ത കാലുകളില്‍ നിന്ന് മൂന്ന് വീതം ഗോളും അസിസ്റ്റുമാണ് ഇതുവരെ പിറന്നത്. ഇന്നലെ മിസോറാമിനെതിരെയും താരം ഗോളിന് വഴിയൊരുക്കി.
നിലവില്‍ അരീക്കോട് എസ് എഫ് സിക്കുവേണ്ടായണ് റിസ്വാന് ബൂട്ടണിയുന്നത്. യുവേഫയുടെ ബി ഡിവിഷന് ലീഗില്‍ ഹിലാല്‍ യുണൈറ്റഡ്, ഐ ലീഗില്‍ ചെന്നൈ സിറ്റി എഫ് സി, കേരള യുണൈറ്റഡ് എഫ് സി എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. അഖിലേന്ത്യ സര്‍വകലാശാല ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്.