മഞ്ചേരി: സന്തോഷ് ട്രോഫി സെമി ഫൈനലില്‍ കരുത്തരായ കേരളം ഇന്ന് കര്‍ണാടകയെ നേരിടും. രാത്രി എട്ടു മണിക്ക് മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ഫെയ്സ്ബുക്ക് പേജില്‍ കളിയുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും
ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ശക്തമായ നിരയാണ് കേരളത്തിന്റേത്. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് സെമി ഫൈനലിലേക്ക് കുതിച്ചത്. പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ ടീമുകളെ ആധിപത്യത്തോടെ കീഴടക്കി. എന്നാല്‍ മേഘാലയയോട് അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്നിരുന്നു.
തുടക്കം മുതലുള്ള കേരളത്തിന്റെ പ്രകടനം വിലയിരുത്തിയാല്‍ മധ്യനിരയുടെ മികവാണ് തുണയായിട്ടുള്ളത്. രണ്ട് മത്സരങ്ങളില്‍ പിന്നില്‍ നിന്നതിന് ശേഷം തിരിച്ചു വരവ് നടത്താന്‍ സാധിച്ചു. എന്നാല്‍ മുന്നേറ്റ നിരയ്ക്ക് ലഭിക്കുന്ന സുവര്‍ണാവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതെ പോകുന്നത് പലവട്ടം കണ്ടു.
എന്നാല്‍ ശക്തമായ മുന്നേറ്റങ്ങളുമായി എതിര്‍ ടീം കുതിച്ചെത്തുമ്പോള്‍ കേരളത്തിന്റെ പ്രതിരോധം അല്‍പ്പം ദുര്‍ബലമാകാറുണ്ട്. മേഖാലയ്ക്കെതിരെ അത് പ്രകടമായിരുന്നു. അതുകൊണ്ട് തന്നെ ജയിക്കാവുന്ന മത്സരത്തില്‍ സമനില വഴങ്ങേണ്ടിയും വന്നു.
മറുവശത്ത് കര്‍ണാടകയുടെ സെമി ഫൈനല്‍ പ്രവേശനം ഗുജറാത്തിനെതിരെ നേടിയ മിന്നും ജയത്തോടെയാകും. അതിന്റെ ആത്മവിശ്വാസം ടീമിന്റെ ഇന്നത്തെ പ്രകടനത്തിലുണ്ടായേക്കും. ഒത്തിണക്കത്തോടെയുള്ള കളിയാണ് കര്‍ണാടകയുടെ കരുത്ത്. എന്നാല്‍ പ്രതിരോധം ദുര്‍ബലമാണ്.
Also Read: ഇനി അടുത്തത് ഇന്ത്യൻ ടീം; ഉമ്രാൻ മാലിക്കിന്റെ അതിശയിപ്പിക്കുന്ന സ്പെല്ലിന് ശേഷം ഗാവസ്‌കർ