മഞ്ചേരി: സന്തോഷം ട്രോഫി കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് ഇറങ്ങും. കരുത്തരായ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് കലാശപ്പോരാട്ടം.
ഗ്രൂപ്പ് ഘട്ടത്തില്‍ മേഘാലയയോട് വഴങ്ങിയ അപ്രതീക്ഷിത സമനില മാറ്റി നിര്‍ത്തിയാല്‍ ടൂര്‍ണമെന്റില്‍ കേരളം മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ആക്രമണ ഫുട്ബോള്‍ എന്ന പരിശീലകന് ബിനൊ ജോര്‍ജിന്റെ തന്ത്രം ഇതുവരെ വിജയിച്ചു.
സെമി ഫൈനലില്‍ താരതമ്യേന കരുത്തരല്ലാത്ത കര്‍ണാടകയായിരുന്നു കേരളത്തിന്റെ എതിരാളികള്‍. മഞ്ചേരിയില്‍ ഗോള്‍ മഴ പെയ്ത മത്സരത്തില്‍ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ ജയം.
30-ാം മിനിറ്റില്‍ കളത്തിലെത്തി 15 മിനിറ്റുകൊണ്ട് നേടിയ ഹാട്രിക് അടക്കം അഞ്ച് ഗോള്‍ അടിച്ചു കൂട്ടിയ ജെസിനായിരുന്നു കേരളത്തിനായി തിളങ്ങിയത്. ജിനൊയുടെ ജെസിന് തന്ത്രത്തില്‍ കര്‍ണാടക വീണെന്നു തന്നെ പറയാം,
വിജയിച്ചെങ്കിലും ആശങ്കപ്പെടാന്‍ ഒരു പിടി കാര്യങ്ങള്‍ നല്‍കിയാണ് കേരളം ഫൈനലിലേക്ക് എത്തിയത്. പ്രതിരോധത്തിലെ വിള്ളലാണ് വീഴ്ച. അതിവേഗ മുന്നേറ്റങ്ങളെ തടയുന്നതില്‍ ടീം ടൂര്‍ണമെന്റിലുടനീളം പരാജയപ്പെട്ടു.
പിന്നില്‍ നിന്നതിന് ശേഷം തിരിച്ചു വരാനുള്ള മികവാണ് ടീമിന്റെ പ്ലസ് പോയിന്റ്. ഗോള്‍ വഴങ്ങിയാലും തളരുന്ന മനോഭാവമല്ല, തിരിച്ചടിച്ച് വിജയം കൈപ്പിടിയിലൊതുക്കാന്‍ ഇതുവരെ മുന്നേറ്റ നിരയ്ക്ക് സാധിച്ചിട്ടുണ്ട്.
മറുവശത്ത് ബംഗാളും ശക്തരാണ്. വേഗക്കളിക്ക് പേരുകേട്ട മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ഫൈനലിലേക്കുള്ള വരവ്. 33-ാം കിരീടം നേടാനിറങ്ങുന്ന ബംഗാളിനെ നേരിടുക കേരളത്തിന് എളുപ്പമായേക്കില്ല.
ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗാളിനെ രണ്ട് ഗോളിന് പരാജയപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അടിമുടി മാറിയ ബംഗാളിനെയായിരുന്നു കണ്ടത്. കളിച്ച മത്സരങ്ങളിലെല്ലാം ആധിപത്യം പുലര്‍ത്താന്‍ അവര്‍ക്കായിരുന്നു.
Also Read: ‘മുരളീധരനെ നേരിടാന്‍ കടുപ്പം; ഞാന്‍ സച്ചിനെ സമീപിച്ചു, ആ ഉപദേശം തുണയായി’