മഞ്ചേരി: സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന് അപ്രതീക്ഷിത സമനില. മേഘാലയയാണ് മികച്ച ഫോമിലുള്ള കേരളത്തെ തളച്ചത്. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി.
18-ാം മിനിറ്റില്‍ മുഹമ്മദ് സഫ്നാസിന്റെ ഗോളിലൂടെയാണ് കേരളം മുന്നിലെത്തിയത്. മുഹമ്മദ് സഫ്നാദാണ് കേരളത്തിനായി ഗോള്‍ നേടിയത്. ഗോള്‍ വീണ ശേഷവും കേരളം ആക്രമണ ഫുട്ബോള്‍ തുടര്‍ന്നു.
എന്നാല്‍ മറുവശത്ത് നിന്ന് മേഘാലയയും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 40-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ നിശബ്ദമാക്കിക്കൊണ്ട് മേഘാലയ സമനില ഗോള്‍ നേടി. കിന്‍സൈബോറാണ് ഖര്‍മ നല്‍കിയ ക്രോസില്‍ നിന്ന് ഗോള്‍ നേടിയത്.
രണ്ടാം പകുതിയിലും മേഘാലയ മുന്നേറ്റങ്ങല്‍ നടത്തി. 55-ാം മിനിറ്റില്‍ ലീഡ് നേടാനും മേഘാലയക്ക് കഴിഞ്ഞു. ഫിഗൊയാണ് ഹെഡറിലൂടെ ഗോള്‍ നേടിയത്.
ഗോള്‍ വഴങ്ങിയതിന് മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം കേരളം തിരിച്ചടിച്ചു. ഇടതുവിങ്ങിലൂടെ വന്ന പന്തില്‍ നിന്ന് ഷെഹീഫാണ് കേരളത്തിനായി സമനില ഗോള്‍ നേടിയത്. മൂന്ന് കളികളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി കേരളം ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്താണ്.
ആദ്യ മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളിന് കേരളം പരാജയപ്പെടുത്തിയിരുന്നു. നായകന്‍ ജിജൊ ജോസഫ് ഹാട്രിക്ക് നേടി തിളങ്ങി. രണ്ടാം മത്സരത്തില്‍ കരുത്തരായ ബംഗാളിനെ ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു കേരളം കീഴടക്കിയത്.
Also Read: വീണു കിടക്കുന്ന നായകന്‍ മുതല്‍; മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വികള്‍ക്ക് പിന്നിലെ അഞ്ച് കാരണങ്ങള്‍