/indian-express-malayalam/media/media_files/uploads/2021/06/we-didnt-play-to-our-potential-in-world-cup-qualifiers-says-sandesh-jhingan-508253-FI.jpg)
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻറെ (എഐഎഫ്എഫ്) ഈ വർഷത്തെ മെൻസ് ഫുട്ബോളർ ഓഫ് ദ ഇയർ ബഹുമതി സീനിയർ ഡിഫൻഡർ സന്ദേശ് ജിങ്കന്. മിഡ്ഫീൽഡർ സുരേഷ് സിങ് വാങ്ജാമിനെ 2020-21 സീസണിലെ എമർജിംഗ് പ്ലെയറായും തിരഞ്ഞെടുത്തു.
2014 ൽ എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ജിങ്കൻ നേടിയിരുന്നു. ഇതാദ്യമായാണ് പ്ലേയർ ഓഫ് ദ ഇയർ പുരസ്കാരം ലഭിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ്, ഐ-ലീഗ് ക്ലബ് കോച്ചുകളുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
“മികച്ച പ്രകടനം നടത്താനുള്ള പ്രചോദനമായാണ് ഞാൻ ഈ അവാർഡ് സ്വീകരിക്കുന്നത്, ഒപ്പം ഫുട്ബോളിനോടുള്ള അവരവരുടെ അഭിനിവേശം പിന്തുടരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഈ അവാർഡ് ഒരു വലിയ ഉത്തരവാദിത്തം കൂടിയാണ് നൽകുന്നത് - ആരെയും നിരാശരാക്കാതിരിക്കുക എന്നതാണ്,” ജിങ്കൻ പറഞ്ഞു.
Read More: എഎഫ്‌സി വിമൺസ് ക്ലബ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുലം
2015 ൽ ഗുവാഹത്തിയിൽ വെച്ചാണ് ജിങ്കൻ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം 40 മത്സരങ്ങളിൽ നിന്നായി അദ്ദേഹം നാല് ഗോളുകൾ ദേശീയ ടീമിന് വേണ്ടി നേടി.
2018 ൽ ഇന്റർകോണ്ടിനെന്റൽ കപ്പ് ഉയർത്തിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2019 ൽ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെ അവരുടെ ഹോംഗ്രൗണ്ടിൽ സമനിലയിൽ തളച്ച ടീമിന്റെ യും ഭാഗമായിരുന്നു.
അഞ്ച് തവണ സീനിയർ ടീമിന്റെ നായകനായി ജിങ്കൻ ഇറങ്ങിയിരുന്നു. മാർച്ചിൽ ദുമാനിൽ ഒമാനിനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരമാണ് ജിങ്കൻ ക്യാപ്റ്റനായിറങ്ങിയ അവസാന മത്സരം. കഴിഞ്ഞ വർഷം അർജുന അവാർഡിനും ജിങ്കൻ അർഹനായി.
ഈ വർഷം ആദ്യം ഒമാനിനെതിരെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച 20 കാരനായ സുരേഷ് 2017 ൽ ഫിഫ അണ്ടർ 17 ലോകകപ്പിൽ മത്സരിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.
എഐഎഫ്എഫ് അക്കാദമിയിൽ നിന്ന് പരിശീലനം നേടിയ സുരേഷ് സിങ് ഐ-ലീഗിൽ എഐഎഫ്എഫിന്റെ ഇന്ത്യൻ ആരോസിൽ രണ്ട് സീസണുകൾ ചെലവഴിച്ചു.
“അവാർഡ് ലഭിച്ചവർക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഭാവിയിൽ അവർ കൂടുതൽ ശക്തരായി മുന്നോട്ട് പോകുമെന്നും അവരുടെ പ്രകടനങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും പ്രചോദനം തുടരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, ”എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.