ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാ ക്ലബ്ബുമായി പുതിയ കരാര്‍ ഒപ്പിട്ടു. ക്ലബ്ബ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ എത്ര വര്‍ഷത്തേയ്ക്കാണ് പുതിയ കരാറെന്ന് ലിവര്‍പൂള്‍ വ്യക്തമാക്കിയിട്ടില്ല. 2025 വരെ താരം ക്ലബ്ബില്‍ തുടരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
“ക്ലബ്ബിനൊപ്പം കൂടതുല്‍ ട്രോഫികള്‍ നേടാനായി കാത്തിരിക്കുന്നു. എല്ലാവര്‍ക്കും സന്തോഷമുള്ള ദിനമാണിന്ന്. കരാര്‍ പുതുക്കുന്നതിന് കുറച്ച് സമയമെടുത്തു. ഇപ്പോള്‍ എല്ലാം പൂര്‍ത്തിയായിരിക്കുകയാണ്. അടുത്തത് എന്താണ് എന്നതിലേക്കാണ് ഇനി ശ്രേദ്ധ കേന്ദ്രീകരിക്കേണ്ടത്,” സലാ പ്രതികരിച്ചു.
“കഴിഞ്ഞ അഞ്ച്, ആറ് വര്‍ഷം നോക്കുകയാണെങ്കില്‍ ടീമിന് ഉയര്‍ച്ചയാണ് സംഭവിക്കുന്നത്. കഴിഞ്ഞ സീസണില്‍ നാല് ട്രോഫികള്‍ വിജയിക്കേണ്ടതായിരുന്നു. എന്നാല്‍ സീസണിന്റെ അവസാന വാരത്തില്‍ രണ്ട് ട്രോഫികള്‍ നഷ്ടപ്പെട്ടു,” താരം കൂട്ടിച്ചേര്‍ത്തു.
2021-22 സീസണില്‍ പ്രീമിയര്‍ ലീഗില്‍ 23 ഗോളുകളാണ് സലാ നേടിയത്. ടോട്ടനം താരം സണ്‍ ഹ്യൂങ് മിന്നിനൊപ്പം പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് പങ്കുവയ്ക്കുകയും ചെയ്തു. പോയ സീസണില്‍ ലിവര്‍പൂളിനായി 31 ഗോളുകളാണ് താരത്തിന്റെ ബൂട്ടില്‍ നിന്ന് പിറന്നത്. ലീഗ് കപ്പും എഫ്എ കപ്പും നേടുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.
Also read: FIFA World Cup 2022: ഖത്തറില്‍ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യയുമായി ഫിഫ; അറിയാം